മോദിയുടെ ‘ഗ്യാസ് തള്ള്’; രൂക്ഷ പരിഹാസവുമായി സോഷ്യല്‍ മീഡിയ

അഴുക്കുചാലുകളിലെ വിഷവാതകങ്ങള്‍ പാചകത്തിന് ഉപയോഗിക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘കണ്ടെത്തലി’നെ പരിഹസിച്ച് സാമൂഹ്യ മാധ്യമങ്ങള്‍. ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ‘ഗ്യാസ് സാങ്കേതിക വിദ്യ’ മോദി ശ്രോതാക്കള്‍ക്കു മുന്നില്‍ വിശദീകരിച്ചത്. അഴുക്കുചാലിലെ ഗ്യാസ് ശേഖരിക്കാമെന്നും അതുപയോഗിച്ച് ചായയുണ്ടാക്കാമെന്നുമുള്ള മോദിയുടെ വിശദീകരണം വന്‍ പരിഹാസത്തിനാണ് വഴിതുറന്നത്.

‘ഒരു ചെറിയ നഗരത്തില്‍ അഴുക്കുചാലിനു സമീപം ഒരു ചായക്കാരനുണ്ടായിരുന്നു. വിഷവാതകം നിറഞ്ഞ അഴുക്കുചാലില്‍ നിന്ന് ദുര്‍ഗന്ധം വരാറുണ്ടായിരുന്നു. ഒരു ദിവസം ചായക്കാരന് ഒരു ബുദ്ധിയുദിച്ചു. അയാള്‍ ഒരു പാത്രം അഴുക്കുചാലിനു മുകളില്‍ കമഴ്ത്തി പിടിക്കുകയും അതില്‍ ദ്വാരമിട്ട് ഒരു പൈപ്പ് സ്ഥാപിച്ച് ആ ഗ്യാസ് ഉപയോഗിച്ച് ചായയുണ്ടാക്കുകയും ചെയ്തു. സിംപിള്‍ ടെക്‌നോളജി!’ എന്നാണ് മോദി പറഞ്ഞത്. വീട്ടിലെ മാലിന്യങ്ങള്‍ ഉപയോഗിച്ച് ഗ്യാസ് പ്ലാന്റ് ഉണ്ടാക്കി അതില്‍ നിന്നുള്ള ഗ്യാസ് ട്രാക്ടറിന്റെ ടയര്‍ ട്യൂബില്‍ നിറച്ച് പാടത്തേക്ക് കൊണ്ടുപോകുന്ന കര്‍ഷകന്റെ കഥയും മോദി പ്രസംഗത്തില്‍ പറയുന്നുണ്ട്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നടക്കം ആയിരക്കണക്കിനാളുകള്‍ മോദിയുടെ ഗ്യാസ് കണ്ടുപിടുത്തത്തെ പരിഹസിച്ചു. ‘ശാസ്ത്രജ്ഞന്മാര്‍ പുതിയ ഗ്യാസ് കണ്ടുപിടിച്ചു: മിത്രോജന്‍’ എന്ന തലക്കെട്ടിലാണ് കോണ്‍ഗ്രസ് മോദിയുടെ പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്.

അഴുക്കുചാലില്‍ നിന്ന് ഗ്യാസിന്റെ കണ്ടുപിടുത്തം നടത്തിയ മോദിക്ക് അടുത്ത വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബൈല്‍ സമ്മാനം കിട്ടുമെന്ന് യുനസ്‌കോ പ്രഖ്യാപിച്ചതായി സഞ്ജീവ് ഭട്ട് ഐ.പി.എസ് കുറിച്ചു.

അതേസമയം, മാലിന്യങ്ങളില്‍ നിന്ന് ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്ന സങ്കീര്‍ണ പ്രക്രിയയുമായി സമീകരിച്ച് മോദിയുടെ ‘കണ്ടുപിടുത്ത’ത്തെ ന്യായീകരിക്കാന്‍ ഭക്തന്മാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.എന്നാല്‍, ഇതിനെ പൊളിച്ചടുക്കുന്ന മറുപടികളും സുലഭമാണ്.