മോദി ഫാക്ടറെന്ന നുണ ഫാക്ടറി

പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഏതുനിമിഷവും ഉണ്ടാകാമെന്നാണ് കരുതപ്പെടുന്നത്. ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തിനുശേഷം 26ന് നടന്ന പാക് അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണത്തിന്റെയും അതിന് തിരിച്ചടിയായി 27ന് ഇന്ത്യന്‍ വിമാനം തകര്‍ത്ത് പൈലറ്റിനെ പിടികൂടിയ പാക്കിസ്താന്റെ നടപടിയുടേയുമൊക്കെ പശ്ചാത്തലത്തിലാണ് വിജ്ഞാപനം നീണ്ടുപോകുന്നതെന്നാണ് വിശദീകരണം. എങ്കിലും സുരക്ഷാസൈനികരുടെ ലഭ്യത ഉറപ്പുവരുത്തി സമയത്തുതന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം നടേപറഞ്ഞ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക പ്രശ്‌നങ്ങള്‍ രാജ്യത്തെ തുറിച്ചുനോക്കിനില്‍ക്കവെ പ്രധാനമന്ത്രിയും കൂട്ടരും തുടര്‍ഭരണത്തിന് ഏതുതരംവരെയും താഴുമെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളോരോന്നും ബോധ്യപ്പെടുത്തുന്നത്.

ഇതിനകം വിവിധ തെരഞ്ഞെടുപ്പുറാലികളില്‍ സംസാരിച്ച നരേന്ദ്രമോദി രാജ്യസുരക്ഷയെയും പാക്് ആക്രമണത്തെയുമാണ് അവയിലെല്ലാം പ്രധാനമായും ചര്‍ച്ച ചെയ്തത്. പാക്കിസ്താനുനേര്‍ക്ക് ആക്രമണം നടത്തിയ ഉടന്‍ പ്രധാനമന്ത്രി രാജസ്ഥാനിലെ തെരഞ്ഞെടുപ്പു റാലിയില്‍ ഇതേക്കുറിച്ച് വീമ്പുപറച്ചില്‍ നടത്തി. തന്റെ കൈകളില്‍ രാജ്യം സുരക്ഷിതമാണെന്നാണ് അദ്ദേഹം വ്യംഗ്യമായി പറഞ്ഞത്. പ്രതിപക്ഷകക്ഷികളാകട്ടെ വളരെയധികം പക്വമായ സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയാകെയും നേരത്തെ നിശ്ചയിച്ചിരുന്ന റാലികള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വേണ്ടെന്നുവെച്ചു. പരിണതപ്രജ്ഞനെന്ന് പേരുകേട്ട മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് രാജ്യത്തെ വ്യോമസേനയോടും അതിന്റെ ഊര്‍ജസ്വലരായ സൈനികരോടും നന്ദി പറഞ്ഞാണ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി യു.പിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഷ്ട്രീയം തീര്‍ത്തും ഉപേക്ഷിച്ചാണ് സംസാരിച്ചത്. 21 പ്രതിപക്ഷ രാഷ്ട്രീയകക്ഷി നേതാക്കള്‍ പങ്കെടുത്ത ഡല്‍ഹിയിലെ യോഗത്തില്‍ പാസാക്കിയ പ്രമേയം നമ്മുടെ സൈനികരുടെ ത്യാഗത്തെ അളവറ്റ് പ്രശംസിക്കുന്നതും അതേസമയം ഭരണകക്ഷി നേതാക്കളുടെ രാഷ്ട്രീയക്കളിയെ അപഹസിക്കുന്നതുമായിരുന്നു.

രാജ്യസുരക്ഷയെ ഇടുങ്ങിയ കക്ഷിരാഷ്ട്രീയത്തിനാണ് ബി.ജെ.പി നേതാക്കള്‍ വേദിയാക്കുന്നതെന്ന് പ്രതിപക്ഷവും രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും അഭിപ്രായപ്പെടുകയാണ്. കഴിഞ്ഞദിവസം പുറപ്പെടുവിച്ച പ്രസ്താവന രാജ്യത്തെ പ്രമുഖരായ സാംസ്‌കാരിക-മാധ്യമ പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ സുരക്ഷയെ പ്രകീര്‍ത്തിക്കുന്നതും രാഷ്ട്രീയക്കളികളെ ഇകഴ്ത്തുന്നതുമായിരുന്നു. എന്നാല്‍ രാജസ്ഥാനിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും ഡല്‍ഹിയിലും ഓടിനടന്ന് പ്രസംഗിച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി രാജ്യത്തിന് നേര്‍ക്ക് നടക്കുന്ന ഭീഷണിയെ മുതലെടുക്കാന്‍ സങ്കുചിത രാഷ്ട്രീയയമാണ് കളിച്ചുകൊണ്ടിരിക്കുന്നതെന്നതിന് ഉദാഹരണമാണ് കഴിഞ്ഞദിവസം ഡല്‍ഹിയിലെ ഡിസ്്‌ലെക്‌സിയ രോഗികളുടെ യോഗത്തില്‍ അദ്ദേഹം നടത്തിയ മറ്റൊരു പ്രസ്താവന. രോഗികളോട് സംസാരിക്കവെ മോദി പറഞ്ഞ വാക്കുകള്‍ ഇന്ത്യക്കും പൗരന്മാര്‍ക്കാകെയും നാണക്കേടായെന്ന് പറയാതെവയ്യ. 40-50 വയസ്സ ്പ്രായം കഴിഞ്ഞവര്‍ക്ക് ഓര്‍മ നില്‍ക്കില്ലെന്നായിരുന്നു രോഗികളുടെ മുഖത്തുനോക്കി പ്രധാനമന്ത്രി പറഞ്ഞത്. രാജ്യത്തെ മുഖ്യപ്രതിപക്ഷകക്ഷിയുടെ അധ്യക്ഷനെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് ഊഹിക്കാന്‍ കഴിയും. പ്രതിപക്ഷ നേതാവിനെ പപ്പു എന്നു വിളിക്കുന്ന ഒരു പ്രധാനമന്ത്രിയില്‍നിന്ന് ഇതിലപ്പുറവും ജനം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആ പദവിക്ക് ചേര്‍ന്നതാണോ ഇത്തരം പ്രസ്താവനകള്‍. പ്രധാനമന്ത്രി പദമേറിയശേഷം ആദ്യമായി യു.പിയിലെ അമേത്തി പാര്‍ലമെന്റ് മണ്ഡലത്തില്‍ എത്തിയ നരേന്ദ്രമോദി നടത്തിയതും കല്ലുവെച്ച നുണയായിരുന്നു.

രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ അദ്ദേഹം തറക്കല്ലിട്ടതും
2010ല്‍ പ്രവര്‍ത്തനം ആരംഭിച്ചതുമായ തോക്ക്ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വഹിച്ച പ്രധാനമന്ത്രി രാഹുലിന്റെ കഴിവുകേടാണ് അവിടെനിന്ന് ഇതുവരെയും ഉല്‍പാദനം ആരംഭിക്കാതിരുന്നതെന്നാണ് പറഞ്ഞത്. ഇതിനെതിരെ രാഹുല്‍തന്നെ ഇന്നലെ അതിരൂക്ഷമായ ഭാഷയില്‍ രംഗത്തുവന്നു. രാജ്യത്തിന്റെ കാവല്‍ക്കാരനാണ് താനെന്ന് സ്വയം അഹങ്കരിക്കുന്ന മോദി ഇങ്ങനെ രാജ്യത്തെ എല്ലാറ്റിനെയും തന്റെ സ്വന്തം പെട്ടിയിലാക്കുന്ന തിരക്കിലാണ് രാഷ്ട്ര സുരക്ഷയെയും സൈനികരുടെ ത്യാഗത്തെയും സ്വന്തം നെഞ്ചില്‍ ഒട്ടിച്ചുനടക്കുന്നത്. ഇത് തിരിച്ചറിയാന്‍ പാകത്തില്‍ ഇന്ത്യന്‍ ജനത രാഷ്ട്രീയ ബോധമുള്ളവരാണെന്ന് അദ്ദേഹം അറിയാതെ പോകുന്നതാണ് ഖേദകരം.

പാക്കിസ്താന് നേരെ നടന്ന മിറാഷ്-2000 ആക്രമണത്തില്‍ പാകിസ്താനിലെ ഖൈബര്‍ പഷ്തൂണ്‍ക്വാ പ്രവിശ്യയിലെ ബലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദ് പരിശീലന കേന്ദ്രം തകര്‍ത്തുവെന്ന് പറയുന്ന കേന്ദ്ര പ്രതിരോധ മന്ത്രാലയവും സര്‍ക്കാരും ഇതുവരെയും അതിന്റെ തെളിവുകള്‍ പുറത്തുവിടാതിരിക്കുന്നതും വിശദീകരണം ചോദിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നതും തുടരുകയാണ്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും മൊത്തക്കച്ചവടം ഏറ്റെടുത്തവരാണ് രാജ്യത്തെ പൗരന്മാരുടെ സംശയത്തെ സന്ദേഹത്തോടെ വീക്ഷിക്കുന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി പോലും ആക്രമണത്തിന്റെ തെളിവുകള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നു.ബംഗളൂരുവില്‍ ഒരു പ്രിന്‍സിപ്പല്‍ പോസ്റ്റ് ചെയ്ത സമൂഹ മാധ്യമത്തിലെ അഭിപ്രായപ്രകടനം പോലും സംഘ്പരിവാറുകാരുടെ ഭീഷണിക്ക് കാരണമായി.

ഉറി ആക്രമണത്തിനുശേഷം പാകധീനകശ്മീരിലേക്ക് നാം നടത്തിയ ആക്രണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായ സര്‍ക്കാരിന് എന്തുകൊണ്ട് ഈ ചോദ്യത്തിന് ഉത്തരം നല്‍കാനാകുന്നില്ല. പ്രമുഖ വിദേശ വാര്‍ത്താഏജന്‍സികളായ റോയിട്ടേഴ്‌സും ഖലീജ് ടൈംസുമൊക്കെ ബലാക്കോട്ടില്‍ വലിയ ആള്‍നാശമുണ്ടായില്ലെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടതും അത് ഇന്ത്യന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതുമാണെന്നിരിക്കെ ജനങ്ങളുടെ പണം കൊണ്ട് രാജ്യത്തിന്റെ സുരക്ഷ കൈകാര്യം ചെയ്യുമ്പോള്‍ അവരുടെ സംശയത്തിന് തൃപ്തികരമായ ഉത്തരം നല്‍കാന്‍ ജനാധിപത്യ സര്‍ക്കാരിന് ബാധ്യതയില്ലേ. പ്രധാനമന്ത്രി മൗനം ഭജിക്കുമ്പോള്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് അമിത്ഷായും സര്‍ക്കാര്‍ പറയട്ടെ എന്ന് സൈന്യവും പറയുമ്പോള്‍ ഈ പരസ്പര വൈരുധ്യം ജനം കണ്ണടച്ച് വിഴുങ്ങണമെന്നാണോ പറയുന്നത്? 2019ലെ വിജയഘടകം മോദി ഫാക്ടര്‍ ആകും എന്നു പറയുന്നവര്‍ ഇത്തരം നുണകളും അര്‍ധ സത്യങ്ങളുമാണോ പ്രതിപാദനം ചെയ്യുന്നത്.