പ്രതിഷേധം ഭയന്ന് ആസാം സന്ദര്‍ശനം റദ്ദാക്കി മോദി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്നുള്ള പ്രതിഷേധം ശക്തമായിരിക്കെ ആസാം സന്ദര്‍ശനം റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ മൂന്നാംഭാഗം ഉദ്ഘാടനം ചെയ്യുന്നതിന് മോദിയെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഗുവാഹട്ടിയില്‍ നടക്കുന്ന പരിപാടിയിലേക്ക് മോദി എത്തില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധത്തെ ഭയന്ന് സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.

മോദിയുടെ സന്ദര്‍ശനത്തിന് അനുയോജ്യമായ കാലാവസ്ഥയല്ല ആസാമിലെ എന്നാണ് വിവരം. മോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് ആസാം വിദ്യാര്‍ത്ഥി യൂണിയന്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സന്ദര്‍ശനം മാറ്റിവെച്ചത്.

അതേസമയം, ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗ രംഗത്ത്. ട്വിറ്ററിലൂടെയാണ് നേതാവ് ഇതിന് ആഹ്വാനം ചെയ്തത്. ‘തുക്ടെതുക്ടെ സംഘത്തെ പിന്തുണച്ചതിന് ദീപികയുടെ സിനിമകള്‍ ബഹിഷ്‌കരിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗ ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ദീപിക പദുക്കോണ്‍ ജെഎന്‍യു ക്യാമ്പസില്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും സര്‍വകലാശാലക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിന് ഇടയിലായിരുന്നു ദീപികയുടെ സന്ദര്‍ശനം. സമരം നടക്കുന്ന സബര്‍മതി ധാബയിലെത്തി പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ത്ഥി നേതാക്കളില്‍ ചിലരോട് സംസാരിച്ച ശേഷമാണ് മടങ്ങിയത്.

ആക്രമണത്തില്‍ പരിക്കേറ്റ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷുള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുന്ന ദീപികയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവായ കനയ്യ കുമാറും വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ട്. ജനുവരി പത്തിന് തീയ്യേറ്ററുകളില്‍ എത്തുന്ന ദീപികയുടെ ‘ഛപാക്’ എന്ന ചിത്രം ബഹിഷ്‌കരിക്കണമെന്നാണ് ആഹ്വാനം.

SHARE