ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടക്കുകയും പ്രതിദിന കൊവിഡ് സ്ഥിരീകരണം തുടര്‍ച്ചയായി അമ്പതിനായിരത്തിന് മുകളില്‍ വരുകയും ചെയ്തതോടെ രോഗം അനിന്ത്രിതമായി പടരുന്നതായാണ് വ്യക്തമാവുന്നത്. രാജ്യത്തെ ഇതുവരെ 18,03,696 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. നിലവില്‍ 38135 പേര്‍ക്കാണ് രോബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായതെന്നും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, കോവിഡ് വ്യാപനം നിയന്ത്രണം വിട്ടതോടെ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയടക്കം രണ്ട് മുഖ്യമന്ത്രിമാര്‍ക്കും ഗവര്‍ണര്‍ക്കും ഭരണ പാര്‍ട്ടിയുടെ ഒരു സംസ്ഥാന അധ്യക്ഷനേയും രോഗം പകര്‍ന്നിരിക്കുകയാണ്. ഇതിനിടെ ഉത്തര്‍പ്രദേശില്‍ ആദിത്യനാഥ് സര്‍ക്കാറിലെ ഒരു മന്ത്രി രോബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയുമുണ്ടായി.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ച നേതാവ്. കോവിഡ് പ്രതിരോധ നടപടിയായ മാസ്ക് ശരിയായി ഉപയോഗിക്കുന്നതില്‍ നിരവധി തവണ വിവാദത്തിലായ ചൗഹാന്റെ മൂന്നാമത്തെ കോവിഡ് പരിശോധനാഫലവും പോസിറ്റീവാണ്. മൂന്നാം ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആയതോടെ ശിവരാജ് സിങ് ചൗഹാന് ഭോപ്പാലിലെ ചിരായു ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജൂലൈ 25 നാണ് ശിവരാജ് സിങ് ചൗഹാനെ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ പത്തുദിവസമായി ആശുപത്രിയില്‍ തുടരുകയാണ് ശിവരാജ് സിങ് ചൗഹാന്.

കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥീരീകരിച്ചത് ഇന്നലെയാണ്. പിന്നാലെ യെദ്യൂരപ്പയുടെ മകള്‍ പത്മാവതിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയുമായി പ്രാഥമികമായും സെക്കന്ററിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആറ് അംഗങ്ങള്‍ക്കും പിന്നാലെ കോവിഡ് സ്ഥിരീകരിച്ചു. എല്ലാ സ്റ്റാഫ് അംഗങ്ങളും ഔദ്യോഗിക വസതിയിലുള്ള ജീവനക്കാരുടെയും പരിശോധന നടത്തിയിരുന്നു. ഇതില്‍ ഗണ്മാന്, കുക്ക്, ഡ്രൈവര്‍, വീട്ടുജോലിക്കാരി, ഒരു പൊലീസുകാരന് എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. മുഖ്യമന്ത്രിയും മകളും മണിപ്പാല്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരു പ്രമുഖന്. പേഴ്സനല്‍ സെക്രട്ടറി അടക്കം രാജ്ഭവനിലെ 78 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് പിന്നാലെയാണ് ഗവര്‍ണര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ചെന്നൈ ആള്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗവര്‍ണറെ ഒരാഴ്ച മുന്‍പ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സന്ദര്‍ശിച്ചതും ആശങ്ക ഉയര്‍ത്തുന്നതാണ്.
അതിനിടെയാണ്, ഞായറാഴ്ച വൈകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ നിര്‍ണായക യോഗങ്ങളിലെല്ലാം എത്തുന്ന മുന്‍ ബിജെപി അധ്യക്ഷന്‍ കൂടിയായ ഷാക്ക് കോവിഡ് ബാധിച്ച് സര്‍ക്കാര്‍ തലത്തില്‍ തത്തെ ആശങ്കയുയര്‍ത്തുന്നതാണ്. നേരത്തെ സര്‍ജറിക്ക് വിധേയനായ ഷാ അതികം പുറത്തിറങ്ങാത്ത സാഹര്യമാണുണ്ടായിരുന്നത്. എന്നിട്ടും രോഗ ബാധിതനായത് വൈറസ് വ്യാപനത്തിന്റെ രൂക്ഷതയാണ് വ്യക്തമാക്കുന്നത്. ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ശനിയാഴ്ച വൈകിട്ട് സന്ദര്‍ശിച്ച കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തിലാണ്.

കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പര്‍ക്കത്തിലായതും കേന്ദ്രസര്‍ക്കാറില്‍ ആശങ്കയുയര്‍ത്തുന്നുണ്ട്. ജൂലൈ 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നടന്ന കേന്ദ്ര മന്ത്രിസഭയുടെ യോഗത്തിലാണ് അമിത് ഷാ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്‍കുന്നതിനായുളള നിര്‍ണായക മന്ത്രിസഭാ യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മ്മല സീതാരാമന്, പൊതുകാര്യ മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥീരീകരിച്ചതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങിനും കോവിഡ് സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശ് ക്യാബിനറ്റ് മന്ത്രി കമല്‍ റാണി വരുണിന്റെ കോവിഡ് മരണ ദിവസമാണ് സംസ്ഥാന അധ്യക്ഷനും കോവിഡ് സ്ഥിരീകരിക്കുന്നത്. ജൂലായ് 18 ന് കോവിഡ് സ്ഥിരീകരിച്ച കമല്‍ റാണി ലഖ്നൗവിലെ ആശുപത്രിയില്‍ വെച്ചാണ് ഇന്ന് മരണപ്പെട്ടത്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ടെക്നിക്കല്‍ വിദ്യാഭ്യാസ മന്ത്രിയാണ് കമല്‍റാണി.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ തന്നെ നേരിട്ട് ഇടപെടുന്ന രീതിയില്‍ അയോധ്യയിലെ രാമക്ഷേത്ര ഭൂമി പൂജ കോവിഡിനിടയില്‍ നടക്കുന്നതും വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ച ആഭ്യന്തരമന്ത്രിയുമായും മറ്റും സമ്പര്‍ക്ക സാധ്യതയുള്ള പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുക്കുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്ക സാധ്യതയുള്ളവര്‍ സ്വയം നിരീക്ഷണത്തിന് വിധേയമാവണമെന്ന നിയമം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ തലത്തില്‍തന്നെ വന്‍ ആഘോഷമാക്കി രാമക്ഷേത്രനിര്‍മ്മാണത്തിന്റെ പ്രതീകാത്മക തുടക്കമായ വെള്ളി ഇഷ്ടിക സ്ഥാപിക്കുന്ന ചടങ്ങിന് പ്രധാനമന്ത്രി മോദി നേതൃത്വം നല്കാന് പോകുന്നത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ 50,000 ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ യുഎസിനെയും ബ്രസീലിനെയും മറികടന്നതും റെക്കോര്‍ഡായിട്ടുണ്ട്. ഞായറാഴ്ച മാത്രം 54,735 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതാദ്യമായാണ് ലോകത്ത് ഇന്ത്യ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ മുന്നിലെത്തുന്നത്. തിങ്കളാഴ്ചത്തെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ 52,972 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 18 ലക്ഷം പിന്നിടുകയുമുണ്ടായി.