പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഗള്‍ഫ് രാഷ്ട്രത്തലവന്മാരോട് മോദി ആവശ്യപ്പെട്ടതായി എം.ഇ.എ

ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗള്‍ഫ് രാഷ്ട്രത്തലവന്മാരുമായി ടെലിഫോണില്‍ ചര്‍ച്ചകള്‍ നടത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുടെ ഭരണാധികാരികളുമായാണ് പ്രധാനമന്ത്രി ടെലിഫോണില്‍ സംസാരിച്ചതായി വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കുറിപ്പില്‍ പറയുന്നതായി ദിഹിന്ദു ബിസ്‌നസ് ലൈന്‍ റിപ്പോര്‍ട്ടു ചെയ്തു.

ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ക്ഷേമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേരത്തെതന്നെ പ്രധാനമന്ത്രി രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ച ചെയ്തായാണ് റിപ്പോര്‍ട്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാന മന്ത്രി മാര്‍ച്ച് 17ന് തന്നെ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതായും, അബുദാബി കീരിടാവകാശിയും യു.എ.ഇ സായുധ സേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി എന്നിവരുമായി മാര്‍ച്ച് 26നും കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് ബിന്‍ ഹമദ് അല്‍ സബാഹുമായി ഏപ്രില്‍ ഒന്നിനും ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയുമായി ഏപ്രില്‍ ആറിനും, ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി ഏഴാം തീയ്യതിയുമാണ് പ്രധാനമന്ത്രി ടെലിഫോണില്‍ സംസാരിച്ചത്.

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗള്‍ഫ് രാഷ്ട്രത്തലവന്മാരോട് ആവശ്യപ്പെട്ടത്. ഇന്ത്യക്കാരുടെ ആരോഗ്യവും സുരക്ഷയും അതത് രാജ്യങ്ങളില്‍ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി രാഷ്ട്രത്തലവന്മാരോട് അഭ്യര്‍ത്ഥിച്ചു. പ്രതികൂല സാഹചര്യത്തിലും അതിനുവേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ഉറപ്പുനല്‍കിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഇറാനിലെ അംബാസിഡര്‍മാരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തിതായും മന്ത്രാലയം കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം, കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി നിലനില്‍ക്കുന്ന ലോക്ക്‌ഡൌണും വിമാനയാത്രാ വിലക്കും പ്രവാസികളെയും അവരുടെ കുടുബങ്ങളെയും ഭീതിയിലാഴ്ത്തിയ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അതിന് വ്യക്തമായ പരിഹാരം കാണാന്‍ പ്രധാനമന്ത്രി ഇക്കാര്യങ്ങളില്‍ നേരിട്ട് ഇടപെടണമെന്ന ആവശ്യം കേരളത്തില്‍ നിന്നടക്കം പ്ര വാസി മേഖലയില്‍ നിന്നും ഉയരുന്നുണ്ട്.