ബി.ജെ.പി എം.പിമാര്‍ക്ക് കണക്കിന് കൊടുത്ത് മോദിയും രാജ്‌നാഥ് സിങ്ങും; ഈ വിധത്തില്‍ നിരുത്തരവാദപരമായി പെരുമാറരുതെന്ന താക്കീത്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തില്‍ ബി.ജെ.പി എം.പിമാര്‍ പങ്കെടുക്കാത്തതില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് പ്രധാനമന്ത്രിയുടെ അതൃപ്തി എം.പിമാരെ അറിയിച്ചത്. എം.പിമാര്‍ അവരവരുടെ ജോലി കൃത്യമായി നിര്‍വഹിക്കണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പൗരത്വഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ എല്ലാ എം.പിമാരും കൃത്യമായി പങ്കെടുക്കണമെന്നും രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നല്‍കി.

ബി.ജെ.പി എം.പിമാരുടെ നിരുത്തരവാദപരമായ സമീപനത്തെ കുറിച്ച് പ്രധാനമന്ത്രി നിരന്തരം സംസാരിക്കുകയുണ്ടായി. എത്ര തവണ ശകാരിച്ചിട്ടും ഇതില്‍ ഒരു മാറ്റവും വരാത്തതിനാല്‍ പ്രധാനമന്ത്രി അതൃപ്തനാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഈ വര്‍ഷം ജൂലായില്‍ ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒട്ടുമിക്ക ബി.ജെ.പി എം.പിമാരും പങ്കെടുക്കാത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രി അസ്വസ്ഥനായിരുന്നു. നിങ്ങളുടെ മണ്ഡലത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാമെന്ന് പ്രധാനമന്ത്രിയോ അമിത് ഷായോ വാക്ക് നല്‍കുന്നു, എന്നിട്ട് അതില്‍ നിന്ന് പിന്മാറിയാല്‍ നിങ്ങള്‍ക്ക് എന്ത് തോന്നും-രാജ്‌നാഥ് സിംഗ് ചോദിച്ചു.

വരാനിരിക്കുന്ന നാളുകളില്‍ രാഷ്ട്രീയവുംനിര്‍ണായകവുമായ ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും രാജ്‌നാഥ് സിംഗ് ഓര്‍മ്മിപ്പിച്ചു. പ്രധാനപ്പെട്ട നിരവധി ബില്ലുകള്‍ വരും ദിവസങ്ങളില്‍ ഏറ്റെടുക്കും, എല്ലാ എം.പിമാരും കൃത്യമായി ഹാജരാകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം, പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ രാജ്‌നാഥ് സിംഗ് തള്ളിക്കളഞ്ഞു. രാജ്യത്തെയും ജനങ്ങളെയും ഒന്നിപ്പിക്കുന്നതിനാണ് ബി.ജെ.പി എല്ലായ്‌പ്പോഴും പ്രവര്‍ത്തിക്കേണ്ടതെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

SHARE