ജനവിരുദ്ധ നയങ്ങളുടെ കാര്യത്തില്‍ മോദി-പിണറായി സര്‍ക്കാരുകള്‍ തമ്മില്‍ മത്സരം: കോണ്‍ഗ്രസ്

 

ജനവിരുദ്ധ നയങ്ങളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും പിണറായി സര്‍ക്കാരും മത്സരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാധ്യമങ്ങളെ നിശ്ശബ്ദരാക്കുക, എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുക, സുതാര്യതയെ കീഴ്‌പ്പെടുത്തുക എന്നതാണ് പിണറായി സര്‍ക്കാരിന്റെ നയം. എസ്എന്‍സി ലാവ്‌ലിന്‍ ഇടപാടിനോട് ഉള്ളത് പോലെ മൃദുവായ നിലപാടാണ് പിണറായിക്ക് ഇപ്പോള്‍ എ.കെ ശശീന്ദ്രനോട് ഉള്ളതെന്നും ചോദ്യങ്ങള്‍ക്ക് നേരെയുള്ള അസഹിഷ്ണുത എതിര്‍ക്കപ്പെടേണ്ടതാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ജിഎസ്ടിയുടെ പേരില്‍ നികുതി ഭീകരത നടപ്പാക്കുകയാണ് മോദി സര്‍ക്കാര്‍. ആസൂത്രണമില്ലാതെ ജിഎസ്ടി നടപ്പാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തെ വ്യാപാര വാണിജ്യ മേഖലയെ തകര്‍ത്തു. ഒറ്റ രാജ്യം, ഒറ്റ നികുതി എന്നതായിരുന്നു യുപിഎ സര്‍ക്കാര്‍ വിഭാവനം ചെയ്ത ജിഎസ്ടി. എന്നാല്‍ മോദി സര്‍ക്കാര്‍ അത് ഒറ്റ രാജ്യം, ഏഴ് നികുതി എന്നാക്കി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ വീണ്ടുവിചാരമില്ലാത്ത നടപടി രാജ്യത്തെ നികുതിഘടനയെ തകര്‍ത്തു. ജിഎസ്ടിയുടെ മറവില്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നത്. സാധാരണക്കാരായ കര്‍ഷകരില്‍ നിന്ന് പോലും വന്‍ തുക നികുതി ഈടാക്കുന്നു. മോദിയുടെ ജിഎസ്ടി കുത്തക മുതലാളിമാരെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ആഗോള ഭീമന്മാരെയും സഹായിക്കാനാണ്. ഇത് ചെറുകിട ഇടത്തരം വ്യവസായങ്ങളെ പൂര്‍ണമായും തകര്‍ത്തു. അപക്വമായ തരത്തില്‍ ജിഎസ്ടി നടപ്പാക്കിയതിലൂടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയാകെ തകര്‍ത്തു. പെട്രോളിയം ഉത്പന്നങ്ങള്‍, റിയല്‍ എസ്‌റ്റേറ്റ്, വൈദ്യുതി എന്നിവ ജിഎസ്ടിയുടെ പരിധിയില്‍ പെടുത്തണം. ജിഎസ്ടിയുടെ അമിത ഭാരവും നൂലാമാലകളും ലഘൂകരിക്കണമെന്നും ടെക്സ്റ്റയില്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി വേണമെന്നും കോണ്‍ഗ്രസ് വക്താവ് ആവശ്യപ്പെട്ടു.