ഒടുവില്‍ മൗനംവെടിഞ്ഞ് മോദി; ഷഹീന്‍ ബാഗ് പ്രതിഷേധത്തില്‍ പ്രതികരണവുമായി രംഗത്ത്

ന്യൂഡല്‍ഹി: പൗരത്വനിയമങ്ങള്‍ക്കെതിരെ ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് ഒടുവില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷഹീന്‍ബാഗില്‍ നടക്കുന്നത് രാഷ്ട്രീയക്കളിയാണെന്ന് മോദി പറഞ്ഞു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

ഷഹീന്‍ ബാഗിലും ജാമിയയിലും പൗരത്വ നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ യാദൃശ്ചികമല്ല. ഇതെല്ലാം പരീക്ഷണാടിസ്ഥാനത്തില്‍ നടക്കുന്നതാണ്. ഡല്‍ഹിയിലെ പൗരത്വ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമുണ്ട്. കോണ്‍ഗ്രസും ആം ആദ്മിയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും മോദി പറഞ്ഞു. ഡല്‍ഹിയെ കീഴ്‌പ്പെടുത്താന്‍ അരാജക വാദികളെ അനുവദിക്കില്ല. ഇന്നത്തെ ഷഹീന്‍ ബാഗ് നാളെ മറ്റു നഗരങ്ങളിലേക്കും വ്യാപിച്ചേക്കാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെയാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് നടക്കുന്നത്. കെജ്‌രിവാളിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ് ബിജെപി നേതൃത്വങ്ങള്‍. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ നടത്തുന്ന സ്ത്രീകളെ ആക്രമിക്കാന്‍ ബിജെപി നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്ന് ഡല്‍ഹിയില്‍ ഒരാഴ്ച്ചക്കിടയില്‍ നാലാമത്തെ ആക്രമണമാണ് നടക്കുന്നത്.

സ്ത്രീകളുടെ പ്രതിഷേധങ്ങള്‍ക്കുനേരെ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്യുന്ന ബിജെപി നേതാക്കളുടെ പ്രസംഗങ്ങള്‍ ഭയപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആക്റ്റിവസ്റ്റുകള്‍ കത്തെഴുതിയിട്ടുണ്ട്. ബിജെപി നേതാക്കളുടെ പ്രസംഗം രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. 175ഓളം ആക്റ്റിവിസ്റ്റുകളും നിരവധി വനിതാ സംഘടനകളുമാണ് മോദിക്ക് കത്തെഴുതിയിരിക്കുന്നത്.

SHARE