മോദിയുടെ അഞ്ചുവര്‍ഷത്തെ യാത്രാചെലവ്; 446 കോടി; സമ്പദവ്യവസ്ഥയുടെ നട്ടെല്ലൊടിഞ്ഞ് ഇന്ത്യയും

ന്യൂദല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിദേശ സഞ്ചാരങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ചത് കോടികളെന്ന് റിപ്പോര്‍ട്ട്. 446.52 കോടി രൂപയാണ് മോദിയുടെ വിദേശ സഞ്ചാരങ്ങള്‍ക്കായി ചെലവഴിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

യാത്രകള്‍ക്കായി ഉപയോഗിച്ച വിമാനത്തിന്റെ ചെലവുകൂടി ഉള്‍ക്കൊള്ളിച്ച കണക്കാണിതെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ലോക്‌സഭയില്‍ പറഞ്ഞു. ഇതില്‍ 121.85 കോടി രൂപയും ചെലവഴിച്ചത് 2015-16 കാലഘട്ടത്തിലാണ്. 201617 വര്‍ഷത്തില്‍ 78.52 കോടിയും 2017-18 വര്‍ഷത്തില്‍ 99.90 കോടിയും ചെലവഴിച്ചു. 2018-19 വര്‍ഷത്തിലാകട്ടെ 100.02 കോടി രൂപയാണ് മോദിയുടെ വിദേശ സഞ്ചാരത്തിനായി ചെലവാക്കിയത്. 2019-20 വര്‍ഷത്തില്‍ ഇതുവരെ 46.23 കോടി രൂപയും ചെലവായി.

അതേസമയം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പാടെ തകര്‍ന്നിരിക്കുകയാണ്. അതിനു പുറമെ തൊഴിലില്ലായ്മയും രൂക്ഷമായിരിക്കുകയാണ്. കൊറോണ പടര്‍ന്നു പിടിക്കുന്നതോടെ ആരോഗ്യ രംഗത്തും ഗുരുതരമായ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്.