മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ്: പാസ്സായ വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ രേഖകള്‍ കാണാനില്ല

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിവാദങ്ങള്‍ തുടരുന്നു. മോദി പാസ്സായെന്നു പറയപ്പെടുന്ന കാലത്തെ ഒരു വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ കാണാനില്ലെന്നാണ് ഡല്‍ഹി സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം വ്യക്തമാക്കുന്നത്. 1978ല്‍ ബിരുദധാരിയായി എന്നാണ് മോദി അവകാശപ്പെടുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ ഒരു വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ തങ്ങളുടെ കൈവശമില്ലെന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഇത്തരം രേഖകള്‍ സൂക്ഷിക്കാറില്ലെന്നാണ് ഇതിന് സര്‍വകലാശാല അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഐഎഎന്‍എസ് കറസ്‌പോണ്ടന്റ് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് സര്‍വകലാശാലയുടെ പ്രതികരണം. മോദിക്കൊപ്പം പഠിച്ച വിദ്യാര്‍ത്ഥികളുടെ പേര്, അവരുടെ പരീക്ഷാഫലം, റോള്‍ നമ്പര്‍, മാതാപിതാക്കളുടെ പേരുവിവരങ്ങള്‍ എന്നിവയാണ് വിവരാവകാശ നിയമപ്രകാരം ഐഎഎന്‍എസ് കറസ്‌പോണ്ടന്റ് ആവശ്യപ്പെട്ടത്. കേന്ദ്ര പൊതുവിവരശേഖരണ ഉദ്യോഗസ്ഥ മീനാക്ഷി സാഹയ് ഇതുസംബന്ധിച്ച നോട്ടീസ് യൂണിവേഴ്‌സിറ്റി ഡീന്‍, ഒഎസ്ഡി, ജോയിന്റ് രജിസ്ട്രാര്‍, സെക്ഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് അയക്കുകയും ചെയ്തു. എന്നാല്‍ അത്തരത്തില്‍ വിവര സൂക്ഷിപ്പ് സംവിധാനം സര്‍വകലാശാലയില്‍ ഇല്ലെന്നും അതിനാല്‍ മോദിയുടെ കാലത്തെ വിവരങ്ങള്‍ നല്‍കാനാവില്ലെന്നും സര്‍വകലാശാല വൃത്തങ്ങള്‍ പറഞ്ഞു.

SHARE