ന്യൂയോര്‍ക്ക്: അമേരിക്കന്‍ മരുന്നു നിര്‍മ്മാണ കമ്പനിയായ മോഡേണയുടെ കോവിഡ് വാക്സിന് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു. mrna-1273 എന്ന പേരിലുളള വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനാണ് മോഡേണ കഴിഞ്ഞദിവസം തുടക്കമിട്ടത്. വാക്സിന് പരീക്ഷണം അവസാന ലാപ്പിലേക്ക് കടന്നിരിക്കേ, 16 കുരങ്ങന്മാരില് നടത്തിയ പരീക്ഷണം വിജയകരമെനാണ് റിപ്പോര്‍ട്ട്.
കോവിഡിന് കാരണമാകുന്ന കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നത് തടയുന്നതിനുളള രോഗപ്രതിരോധശേഷി വാക്സിന് വഴി കുരങ്ങന്മാര്ക്ക് ലഭിച്ചതായി പഠനത്തില്‍ വ്യക്തമാക്കുന്നു. എട്ടുപേര്‍ അടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് വാക്സിന് പരീക്ഷണം 16 കുരങ്ങന്മാരില് നടത്തിയത്. പരീക്ഷണത്തിന്റെ ഫലമായി കുരങ്ങന്മാരില് വലിയ തോതിലുളള ആന്റിബോഡീസിനെ കണ്ടെത്തി. കോവിഡ് മുക്തമായ മനുഷ്യരില്‍ കണ്ടുവരുന്ന ആന്റിബോഡീസിനെക്കാള്‍ കൂടിയ അളവില്‍ കുരങ്ങന്മാരില് ഇത് കണ്ടുവന്നത് പരീക്ഷണത്തിന്റെ വിജയമായാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.
സാധാരണയായി മൂക്കിലൂടെയാണ് വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ മൂക്കില്‍ വച്ച് തന്നെ വൈറസ് പകരുന്നത് തടഞ്ഞുനിര്‍ത്തുന്നതില്‍ മോഡേണ വാക്സിന് വിജയം കണ്ടതായും വാക്സിന് ഉപയോഗിച്ചതിന് പിന്നാലെ കുരങ്ങന്മാരില് രോഗപ്രതിരോധശേഷിയില്‍ ഗുണപരമായ മാറ്റങ്ങള്‍ ദൃശ്യമായതായും ജേര്‍ണല്‍ ഓഫ് മെഡിസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡിനെതിരെയുളള മോഡേണയുടെ വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. വാക്സിന് സുരക്ഷിതവും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതുമാണെന്നാണ് ആദ്യ ഘട്ട ഫലങ്ങള്‍ തെളിയിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യ ഉപദേഷ്ടാവും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷസ് ഡീസിസിന്റെ ഡയറക്ടറുമായ ആന്തണി എസ് ഫൗസി പറഞ്ഞു.
വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തില്‍ കോവിഡ് 19നെ പ്രതിരോധിക്കാന്‍ കഴിവുളളതാണോ വാക്സിന് എന്നതാണ് പരിശോധിക്കുന്നത്. കൂടാതെ എത്രനാള്‍ കോവിഡില്‍ നിന്ന് സംരക്ഷണം നല്‍കും എന്ന കാര്യവും പരിശോധനയ്ക്ക് വിധേയമാക്കും. മൂന്നാം ഘട്ട പരീക്ഷണത്തില്‍ കോവിഡ് രോഗം ബാധിക്കാത്തവരെയും ഉള്‍പ്പെടുത്തും. ഇത്തരത്തിലുളള 30,000 പേരില്‍ കൂടി പരീക്ഷണം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
മൂന്നാം ഘട്ടത്തില്‍ 89 ക്ലിനിക്കല്‍ സൈറ്റുകളില്‍ വാക്സിന് പരീക്ഷിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. വാക്സിന് പരീക്ഷണത്തിനായി സന്നദ്ധരായവര്‍ക്കിടയില്‍ 28 ദിവസത്തിനുളളില്‍ രണ്ട് ഇന്ജക്ഷന് നല്‍കും.
വാക്സിനുകളുടെ സുരക്ഷയും കാര്യക്ഷമതയും നിര്‍ണ്ണയിക്കുന്നതിനുള്ള മൂന്നാം ഘട്ട ട്രയല്‍ നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനായുള്ള ഡാറ്റ വിവര ശേഖരണത്തിലാണ് കമ്പനി. നീര്‍വീര്യമാക്കപ്പെട്ട ആന്റിബോഡികളെ കൊറോണ വൈറസിനെതിരെയുളള പോരാട്ടത്തിന് സജ്ജരാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ വാക്സിന് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ആക്രമണ മോഡിലേക്ക് മാറ്റുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത വൈറസില്‍ നിന്നുള്ള ജനിതക വസ്തുക്കളുടെ സിന്തറ്റിക് രൂപമായ മെസഞ്ചര്‍ ആര്‍എന്‍എയാണ് വാക്സിന് ഉപയോഗിക്കുന്നത്. അതിലൂടെ മനുഷ്യന്റെ കോശത്തിലേക്കുളള വൈസിന്റെ പ്രവേശനം തടയാനാകുമെന്നാണ് കണക്കുകൂട്ടല്‍.
വാക്സില്‍ നിര്‍മ്മാനം മൂന്നാം ഘട്ടത്തിലേക്ക് കടന്നതോടെ മോഡേണയുടെ ഓഹരികള്‍ 2 ശതമാനം ഉയര്‍ന്ന് 81.49 ഡോളറിലെത്തി. അമേരിക്കയില്‍ വാക്സിന് പരീക്ഷണങ്ങള്‍ക്കായി 955 മില്യണ്‍ ഡോളറിന്റെ സര്‍ക്കാര്‍ ധനസഹായം നിലവിലുണ്ട്.
കേംബ്രിഡ്ജ് സര്‍വകലാശാല, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷസ് ഡീസിസ് എന്നിവയുമായി ചേര്‍ന്നാണ് മോഡേണ വാക്സിന് വികസിപ്പിച്ചെടുത്തത്.