മുംബൈ: മുംബൈയിലെ ചേരിപ്രദേശങ്ങളില്‍ കോവിഡ് ബാധിതര്‍ 57 ശതമാനമാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. നഗരത്തില്‍ ആറില്‍ ഒരാള്‍ക്ക് കോവിഡ് ബാധയുണ്ടായതായും സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുംബൈയിലെ ഏഴായിരം പേരില്‍ നടത്തിയ മെഡിക്കല്‍ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഈ മാസം ആദ്യം റാന്‍ഡം സാമ്പിളുകള്‍ ശേഖരിച്ച് സീറോ പ്രിവലെന്‍സ് പഠനം നടത്തിയിരുന്നു. പഠനത്തില്‍ പൊതുജനങ്ങളില്‍ ഒരു വിഭാഗത്തിന്റെ രക്തത്തില്‍ ഏതെങ്കിലും രോഗത്തിനെതിരായ ആന്റിബോഡികളുടെ സാന്നിധ്യം ഉണ്ടോയെന്നാണ് ഡോക്ടര്‍മാര്‍ പരിശോധിച്ചത്. മുന്‍പ് രോഗബാധയുണ്ടായവരിലാണ് ആന്റിബോഡികള്‍ വികസിക്കുക. ഇത് പൊതുജനങ്ങളില്‍ എത്രപേര്‍ രോഗബാധിതരായി എന്നുള്ളത് മാത്രമല്ല, ജനങ്ങള്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റി കൈവരിച്ചോ എന്നുമനസ്സിലാക്കുന്നതിനും സഹായിക്കും.
ആന്റിബോഡികളുടെ ആധിക്യം സ്ത്രീകളിലാണ് കൂടുതല്‍ എന്ന് സര്‍വേയില്‍ കണ്ടെത്തി. പഠനത്തില്‍ ഭൂരിഭാഗം കോവിഡ് 19 രോഗികളും രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നും വ്യക്തമാക്കുന്നുണ്ട്. നിതി ആയോഗ്, മുനിസിപ്പല്‍ കോര്പറേഷന് ഓഫ് ഗ്രേറ്റര്‍ മുംബൈ, ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് എന്നിവ സംയുക്തമായാണ് പഠനം നടത്തിയത്.
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ഒരുലക്ഷത്തിലേറെപേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഏഴുശതമാനം മുംബൈയില്‍ നിന്നായിരുന്നു.