ബെംഗളൂരു: ഫേസ്ബുക്കിൽ പ്രവാചകനെ നിന്ദിക്കുന്ന രൂപത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ ബംഗളൂരുവിൽ ജനം തെരുവിലിറങ്ങി. പൊലീസ് വെടിവെപ്പിൽ രണ്ട് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് കമീഷണർ കമൽ പന്ത് അറിയിച്ചു. അഡിഷനൽ കമീഷണറടക്കം നിരവധി പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കെ.ജി. ഹള്ളി, ഡി.ജെ. ഹള്ളി പൊലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
രാത്രി പത്തോടെ ഡി.ജെ. ഹള്ളി കാവൽ ബൈരസാന്ദ്രയിലാണ് അക്രമ സംഭവങ്ങൾ തുടങ്ങിയത്. പുലികേശി നഗറിലെ കോൺഗ്രസ് എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരിയുടെ മകൻ നവീനാണ് ഫേസ്ബുക്കിൽ പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പോസ്റ്റിട്ടത്. നവീനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ ആളുകൾ നവീ ന്റെ കാറടക്കം നിരവധി വാഹനങ്ങൾ കത്തിച്ചു. എം.എൽ.എയുടെ വീടിനുനേരെയും കല്ലേറുണ്ടായി. കല്ലേറിൽ വീടി ന്റെ ജനൽ ചില്ലുകളടക്കം തകർന്നു. നവീ ന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഡി.ജെ. ഹള്ളി, കെ.ജി ഹള്ളി പൊലീസ് സ്റ്റേഷനുകളുടെ മുന്നിലും ആളുകൾ തടിച്ചുകൂടി. പൊലിസ് സ്റ്റേഷനു നേരെയും കല്ലേറുണ്ടായി. അക്രമികൾ നിരവധി വാഹനങ്ങൾ കത്തിച്ചു.