ജാര്‍ഖണ്ഡില്‍ നാലുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ആള്‍ക്കൂട്ട കൊലകള്‍ നിര്‍ബാധം തുടരുന്നു. ജാര്‍ഖണ്ഡില്‍ ആഭിചാരകര്‍മം ചെയ്യുന്നവരെന്ന് സംശയിച്ച് നാലു ഗ്രാമീണരെ ആള്‍ക്കൂട്ടം വീട്ടില്‍ നിന്നും വിളിച്ചിറക്കി തല്ലിക്കൊന്നു. കൊല്ലപ്പെട്ടവരെല്ലാം 60ന് മുകളില്‍ പ്രായമുള്ളവരാണ്. തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും 110 കിലോമീറ്റര്‍ അകലെ ഗുമ്‌ല ഗ്രാമത്തിലാണ് സംഭവം. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം.
ആള്‍ക്കൂട്ടം ഇവരില്‍ ഒരാളുടെ വീട്ടിലെത്തി പൂട്ടിയിട്ട് തല്ലുകയായിരുന്നു. വടികളും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് തല്ലിച്ചതച്ചശേഷം കഴുത്തുമുറിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. സുന ഒറാവോണ്‍ (65), ഫഗ്‌നി ദേവി (60), ചപ ഭഗത് (65), പിരി ദേവി (62) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ മൂന്നു കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ചമ്പയും പിരിയും ഭാര്യാഭര്‍ത്താക്കന്മാരാണ്. ഇവരുടെ മകളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 90 ശതമാനത്തോളം ആദിവാസി ഗോത്ര വിഭാഗങ്ങള്‍ അധിവസിക്കുന്ന മേഖലയിലാണ് സംഭവം. പ്രഥമ ദൃഷ്ട്യാ സംഭവം ആഭിചാരവുമായി ബന്ധപ്പെട്ടതാണെന്നും ഗ്രാമീണരെ ചോദ്യം ചെയ്തതില്‍ നിന്നും നാലു പേരും ആഭിചാര ക്രിയകളില്‍ ഏര്‍പ്പെട്ടിരുന്നതായാണ് മനസിലായതെന്നും ഗുമ്‌ല പൊലീസ് സൂപ്രണ്ട് അഞ്ജനി കുമാര്‍ അറിയിച്ചു. വടികളും ഇരുമ്പ് ദണ്ഡും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ചാണ് മര്‍ദ്ദനം അഴിച്ചുവിട്ടതെന്നും ഗ്രാമീണര്‍ നല്‍കിയ വിവരം അനുസരിച്ച് ഒരു ഡസനോളം വരുന്ന സംഘമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. വീടുകളിലേക്ക് ഇരച്ചു കയറിയ സംഘം ഇവരെ പിടികൂടി സമീപത്തെ അംഗന്‍വാടി കേന്ദ്രത്തില്‍ എത്തിക്കുകയും അവിടെ വെച്ച് അതിക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. പൊലീസ് സംഘം പുലര്‍ച്ചെ നാലരയോടെ സ്ഥലത്തെത്തിയെങ്കിലും അന്വേഷണവുമായി സഹകരിക്കാന്‍ ഗ്രാമീണര്‍ തയാറായില്ലെന്നും അക്രമികളെ കുറിച്ച് വിവരം നല്‍കുന്നതില്‍ നിന്നും ഇവര്‍ വിട്ടു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചില ഗ്രാമീണരും സംഭവത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ചന്തയില്‍ ഉരുളക്കിഴങ്ങ് വില്‍ക്കുന്നവരാണ് കൊല്ലപ്പെട്ട ദമ്പതിമാര്‍. സുന ഓര്‍ഗാവോന്‍ കൃഷിക്കാരനാണ്. ഫഗ്നി ദേവി വീട്ടമ്മയാണ്. എന്നാല്‍ ഇവരെല്ലാം ആഭിചാര ക്രിയയില്‍ ഉള്‍പ്പെട്ടിരുന്നതായും ഗ്രാമീണര്‍ പറയുന്നു. മന്ത്രവാദവുമായി ബന്ധപ്പെട്ട സംഘര്‍ഷം ജാര്‍ഖണ്ഡില്‍ പതിവാണ്. 2016ന് ശേഷം 523 സ്ത്രീകളെയാണ് പ്രേത ബാധ ആരോപിച്ച് സംസ്ഥാനത്ത് മര്‍ദ്ദനത്തിനിരയാക്കിയത്. 2013ന് ശേഷം ആഭിചാരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 54 പേരെയാണ് തല്ലിക്കൊന്നത്.

SHARE