തെലങ്കാനയില്‍ വനിതാ ഫോറസ്റ്റ് ഓഫീസര്‍ക്ക് ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനം

തെലങ്കാന സര്‍ക്കാരിന്റെ വനവത്കരണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനം. ആസിഫാബാദ് ജില്ലയിലെ സര്‍സാല ഗ്രാമത്തിലാണ് സംഭവം. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി നേതാവും അനുയായികളും കര്‍ഷകരും ചേര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥ സി. അനിതയെ മര്‍ദ്ദിച്ചത്.

വനവത്കരണ യജ്ഞത്തിന്റെ ഒരുക്കങ്ങള്‍ നടത്താനാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ട്രാക്ടറില്‍ നിന്നുകൊണ്ട് ജനക്കൂട്ടത്തോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കവെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്കുനേരെ ആക്രമണമുണ്ടായത്.

ജനക്കൂട്ടം വലിയ വടികള്‍കൊണ്ട് ഉദ്യോഗസ്ഥയെ അടിക്കുന്നതിന്റെയും മര്‍ദ്ദനമേറ്റ് അവര്‍ നിലവിളിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഗുരുതരമായ പരിക്കേറ്റ ഉദ്യോഗസ്ഥയെ പോലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. അവരെ ആശുപത്രിയില്‍ എത്തിച്ചു.