അച്ഛനെയും മകനെയും അയല്‍ക്കാര്‍ വടികൊണ്ട് അടിച്ചു കൊന്നു

ടിക്കാംഗഡ്: മധ്യപ്രദേശിലെ ടിക്കാംഗഡ് ജില്ലയില്‍ 57 കാരനെയും മകനെയും അയല്‍ക്കാര്‍ വടികൊണ്ട് അടിച്ചു കൊന്നു. ദേശരാജ് (57), ഗുലാബ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. മണല്‍ കഴുകുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജില്ലാ ആസ്ഥാനത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് ശനിയാഴ്ച രാത്രി സംഭവം നടന്നത്.

കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 17 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി. അയല്‍വാസികളായ മോഹന്‍ ലോധിയും വൃന്ദാവന്‍ ലോധിയും ശനിയാഴ്ച രാത്രി വീടിനു മുന്നില്‍ മണല്‍ കഴുകുകയായിരുന്നു. ഇതിനിടെ തന്റെ വീട്ടിലേക്ക് വെള്ളം കയറിയെന്ന് പറഞ്ഞ് ദേശരാജ് പ്രതികളുടെ അടുത്തേക്ക് എത്തുകയും പിന്നീട് തര്‍ക്കം രൂക്ഷമാകുകയുമായിരുന്നു. മോഹനും വൃന്ദാവനും കുടുംബാംഗങ്ങളും ചേര്‍ന്ന് ദേശരാജിനെ വടികൊണ്ട് ആക്രമിച്ചു. ദേശരാജിന്റെ മക്കളായ ഗുലാബും (35) ജഹറും പിതാവിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെയും ആക്രമിച്ചു.ഗുലാബ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് ദേശരാജ് മരിച്ചത്.

സംഭവത്തില്‍ ദേശരാജിന്റെ ഭാര്യ സോനബായ്, മകന്‍ ജഹാര്‍ എന്നിവര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാണാതായ 17 പ്രതികള്‍ക്കെതിരെ പോലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.അനധികൃതമായി മണല്‍ കടത്തുന്നതില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്നും പോലീസ് പറഞ്ഞു.

SHARE