ആള്‍ക്കൂട്ട കൊലപാതകം വീണ്ടും; അസമില്‍ യുവാവിന് ദാരുണാന്ത്യം


അസമില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ജോര്‍ഘട്ട് ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. 23കാരനായ ദേബാശിഷ് ഗോഗോയ് ആണ് മരിച്ചത്. ദേബാശിഷിന്റെ സുഹൃത്ത് ആദിത്യ ദാസിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രാദേശിക വിനോദസഞ്ചാര കേന്ദ്രം സന്ദര്‍ശിച്ച് മടങ്ങിയ യുവാക്കളാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ സ്‌കൂട്ടര്‍ രണ്ട് സ്ത്രീകളെ ഇടിച്ചതാണ് ആക്രമണത്തിന് കാരണമായത്. രണ്ട് സ്ത്രീകള്‍ക്കും കാര്യമായ പരുക്കുണ്ടായിരുന്നില്ല. എന്നാല്‍ ജനക്കൂട്ടം സംഘടിച്ചെത്തി യുവാക്കളെ മര്‍ദിക്കുകയായിരുന്നു. അന്‍പതോളം പേര്‍ ചേര്‍ന്ന് ഇരുവരേയും മര്‍ദിച്ചതായാണ് റിപ്പോര്‍ട്ട്.

സംഭവമറിഞ്ഞ് ദേബാശിഷ് ഗോഗോയിയുടെ പിതാവും സഹോദരിയും അടക്കമുള്ളവര്‍ സ്ഥലത്തെത്തി അക്രമികളോട് സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ പിന്തിരിഞ്ഞില്ല. ഏറെനേരം കഴിഞ്ഞാണ് രണ്ട് യുവാക്കളേയും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ഈ സമയം പൊലീസും സ്ഥലത്തെത്തി. പൊലീസ് ഇടപെട്ടാണ് യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചത്. ഞായറാഴ്ചയോടെ ദേബാശിഷ് മരിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ നടക്കുന്നതായും പൊലീസ് അറിയിച്ചു.

SHARE