ജാര്‍ഖണ്ഡില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

റാഞ്ചി: രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വാഹനത്തിന്റെ ബാറ്ററി മോഷ്ടിക്കാനെത്തിയ ആളെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഗോവിന്ദ്പൂര്‍ കോളനിയിലെ വാഹന സര്‍വീസ് സെന്ററില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രണ്ടംഗ സംഘത്തെ സര്‍വീസ് സെന്ററില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ട ഒരു ട്രക്ക് ഡ്രൈവര്‍ ഇവര്‍ ട്രക്കിന്റെ ബാറ്ററി മോഷ്ടിക്കാനെത്തിയവരാണെന്ന് ആരോപിച്ച് ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ആള്‍ക്കൂട്ടം ഇരുവരെയും തടഞ്ഞു വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ പൊലീസ് മര്‍ദ്ദനമേറ്റ യുവാക്കളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ക്രൂര മര്‍ദ്ദനമേറ്റ മുബാറക് അന്‍സാരിയെന്ന യുവാവ് ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന അക്തര്‍ അന്‍സാരിയെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഒരാഴ്ച മുമ്പ് ഇതേ പ്രദേശത്ത് സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ ഇരുവരും ബാറ്ററി മോഷ്ടിക്കാനെത്തിയവരാണെന്നാണ് മനസിലാകുന്നതെന്നും സബ്ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ബെര്‍മോ അഞ്ജാന്‍ അറിയിച്ചു. ജൂണില്‍ ബൈക്ക് മോഷ്ടിക്കാനെത്തിയ ആളെന്നാരോപിച്ച് തബരേസ് അന്‍സാരിയെന്ന മധ്യവയസ്‌കനെ തല്ലിക്കൊന്നിരുന്നു.

SHARE