വീണ്ടും ആള്‍ക്കൂട്ട കൊല കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നെന്ന് സംശയം; ട്രാന്‍സ്ജന്‍ഡറിനെ തല്ലിക്കൊന്നു


കൊല്‍ക്കത്ത: രാജ്യത്ത് ആള്‍ക്കൂട്ട കൊലകള്‍ അവസാനമില്ലാതെ തുടരുന്നു. പശ്ചിമ ബംഗാളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന് സംശയിച്ച് ട്രാന്‍സ്ജന്‍ഡറിനെ ജനക്കൂട്ടം അടിച്ചുകൊന്നു.
ജയ്പാല്‍ഗുഡി ജില്ലയിലെ നഗ്രഘട്ടയിലാണ് ക്രൂരമായ സംഭവം. പ്രദേശവാസികള്‍ ട്രാന്‍സ്‌ജെന്‍ഡറിനെ പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ട് തലയില്‍ ഇടിക്കുകയും ദേഹത്ത് ചവിട്ടുകയും ചെയ്തതായി ദൃക്്‌സാക്ഷികള്‍ പറഞ്ഞു. മര്‍ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ പ്രചരിക്കുന്നുണ്ട്. മര്‍ദ്ദിച്ചവശയാക്കി രക്തത്തില്‍ കുതിര്‍ന്ന് കിടക്കുമ്പോഴും ആശുപത്രിയിലെത്തിക്കാന്‍ പോലും ആരും തയ്യാറായില്ല. വിവരമറിഞ്ഞ് പൊലീസ് എത്തിയാണ് ആസ്പത്രിയിലെത്തിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശവാസികള്‍ ട്രാന്‍സ് ജന്‍ഡറെ പിന്തുടരുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നതായ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

SHARE