വിവാഹച്ചടങ്ങില്‍ മുന്‍നിരയിലിരുന്ന് ഭക്ഷണം കഴിച്ചതിന് ദളിത് യുവാവിനെ തല്ലിക്കൊന്നു

വിവാഹച്ചടങ്ങിനിടെ മുന്‍നിരയിലിരുന്ന് ഭക്ഷണം കഴിച്ചതിന് ദളിത് യുവാവിനെ തല്ലിക്കൊന്നു. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലാണ് സംഭവം. ശ്രീകോട്ട് ഗ്രാമത്തില്‍ നടന്ന ഒരു വിവാഹസല്‍ക്കാരത്തിനിടെ മുന്‍നിരയില്‍ ഇരുന്നു എന്ന കുറ്റത്തിനാണ് ജീതേന്ദ്ര (23) എന്ന ദളിത് യുവാവിനെ ഉയര്‍ന്ന ജാതിക്കാര്‍ തല്ലിക്കൊന്നത്. ഏപ്രില്‍ 26ന് ക്രൂരമായി ആക്രമിക്കപ്പെട്ട ജീതേന്ദ്ര ഡെറാഡൂണിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുരുതരവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ ഇയാള്‍ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട യുവാവിന്റെ സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ്.തങ്ങളുടെ മുന്നിലിരുന്ന് താഴ്ന്ന ജാതിക്കാരന്‍ ഭക്ഷണം കഴിച്ചതാണ് ഉയര്‍ന്ന ജാതിക്കാരെ പ്രകോപിപ്പിച്ചതെന്ന് ഡിഎസ് പി ഉത്തംസിങ് ജിംവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജിതേന്ദ്രയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി

SHARE