മുസ്‌ലിം തീവ്രവാദി പരാമര്‍ശം; പി.ജയരാജന് എം.എന്‍ കാരശ്ശേരിയുടെ മറുപടി

ബഹു. പി ജയരാജന്‍ വായിച്ചറിയുവാന്‍

കേരളത്തിലെ സി പി എമ്മിന്റെ സമുന്നത നേതാക്കളിലൊരാളായ ബഹു. പി .ജയരാജന്‍ വായിച്ചറിയുവാന്‍ .

താങ്കള്‍ 2019 നവംബര്‍ 20 ന് ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റില്‍ എന്നെക്കുറിച്ചുള്ള പരാമര്‍ശം കാണാനിടയായി . ചാനല്‍ ചര്‍ച്ചയില്‍ ‘എം എന്‍ കാരശ്ശേരി തീവ്രവാദികള്‍ക്കു വേണ്ടി ഘോരഘോരമായി വാദിക്കുന്നത് കേട്ടു : ഇസ്ലാമിസ്റ്റുകളുടെ ആപത്തിനെക്കുറിച്ചു മലയാളത്തില്‍ എഴുതപ്പെട്ട പുസ്തകങ്ങളില്‍ ഞാന്‍ വായിച്ചത് കാരശ്ശേരിയുടേതാണ്. അദ്ദേഹത്തിന്റെ നിലപാട് മാറ്റത്തിന് എന്താണ് കാരണമെന്ന് മനസ്സിലാവുന്നില്ല’ . എന്ന് താങ്കള്‍ എഴുതിയത് കണ്ട് ഞാന്‍ ചിരിച്ചു. സി.പി.എമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററുടെ പ്രസംഗത്തെപ്പറ്റിയായിരുന്നു മനോരമ ചാനലില്‍ നടന്ന നമ്മുടെ ചര്‍ച്ച. കോഴിക്കോട് മാവോയിസ്റ്റു ബന്ധം ആരോപിച്ചു യു.എ.പി.എ. ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട യുവാക്കളുടെ കാര്യം വിശദീകരിക്കുമ്പോള്‍ മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും തമ്മില്‍ ബന്ധമുണ്ട് എന്ന് മോഹനന്‍ മാസ്റ്റര്‍ പറയുകയുണ്ടായി. ആ മുസ്ലിം സംഘടന ഏതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല . ചര്‍ച്ചയില്‍ പ്രൊഫ.പി. കോയയുടെ പേര് പരാമര്‍ശിച്ചതല്ലാതെ താങ്കളും ആ സംഘടനയുടെ പേര് തുറന്നു പറഞ്ഞില്ല .
താങ്കള്‍ക്കറിയാവുന്നപോലെ ആ ചര്‍ച്ചയില്‍ ഞാന്‍ ഏതെങ്കിലും സംഘടനയെ ന്യായീകരിക്കുകയോ , തള്ളിപ്പറയുകയോ ചെയ്തിട്ടില്ല . സി.പി.എം. ഉദ്ദേശിക്കുന്ന സംഘടന ഏതെന്ന് മോഹനന്‍ മാസ്റ്റര്‍ യോഗത്തില്‍ നടത്തിയ പ്രസംഗത്തിലോ താങ്കള്‍ ചര്‍ച്ചയില്‍ നടത്തിയ സംഭാഷണത്തിലോ വ്യക്തമാക്കിയിരുന്നില്ല എന്നത് തന്നെ കാരണം . ഞാനാകെ ചെയ്തത് സംഘടന ഏതെന്ന് വ്യക്തമാക്കണമെന്ന് ശഠിക്കുകയാണ് .
എന്തിന് അങ്ങനെ പറഞ്ഞു എന്നാണെങ്കില്‍ മുസ്ലീങ്ങള്‍ക്കിടയില്‍ സംഘടനകള്‍ ഒരുപാടുണ്ട്. അവരെയെല്ലാം ഒരുപോലെ സംശയത്തിന്റെ നിഴലി ല്‍ നിര്‍ത്തി പുകമറ സൃഷ്ടിക്കുന്നത് ശരിയല്ല. ആരെന്നും എന്തെന്നും അറിയാവുന്ന താങ്കളോ മോഹനന്‍ മാഷോ ആ പേര് വെളിപ്പെടുത്തി വിഷയം തീര്‍ക്കണമെന്നാണ് ഞാന്‍ പറഞ്ഞത്; അല്ലാത്തപക്ഷം അത് ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ക്ക് ഗുണകരമാവും എന്നും. ഇതിലെവിടെയാണ് തീവ്രവാദത്തെ ഘോരഘോരം ന്യായീകരിക്കുന്ന ഭാഗമുള്ളത്?
ആ സംഘടന .എസ് .ഡി.പി.ഐ. ആണെന്ന് ഇപ്പോള്‍ മോഹനന്‍ മാഷ് വ്യക്തമാക്കിയിരിക്കുന്നു. ഇത് നേരത്തെ പറയാതിരുന്നത് എന്താണ് ?

കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയിലെ തീവ്രവാദ സംഘടന എന്ന നിലയില്‍ എസ് .ഡി.പി.ഐ.യെ എന്നും എതിര്‍ത്ത് പോന്നിട്ടുള്ള ഒരാളാണ് ഞാന്‍ . ഇത് പ്രബന്ധങ്ങളിലും പ്രസംഗങ്ങളിലും മുമ്പേതന്നെ എത്രയോവട്ടം വിശദീകരിച്ചതാണ്. താങ്കള്‍ക്ക് ഓര്‍മ്മ തോന്നാനിടയുള്ള രണ്ട് സന്ദര്‍ഭങ്ങള്‍ പറയാം:

  1. തൊടുപുഴയിലെ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകന്‍ ടി. ജെ. ജോസഫിന്റെ കൈ വെട്ടിയപ്പോള്‍ (4 ജൂലായ് 2010 ).
  2. എറണാകുളം മഹാരാജാസ് കോളേജില്‍ ബി.എസ്.സി .ക്ക് പഠിക്കുന്ന എസ്.എഫ്.ഐ.നേതാവ് അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ (1 ജൂലായ് 2018 )

താങ്കള്‍ക്കറിയാവുന്നപോലെ ,ഈ രണ്ടു കേസിലും കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായത് എസ.ഡി.പി.ഐ.ക്കാരായിരുന്നു.
ആ പാര്‍ട്ടിയുടെ തീവ്രവാദ സ്വഭാവം വെളിവാക്കുന്നവയാണ് മേല്‍പ്പറഞ്ഞ അക്രമങ്ങള്‍.
ഈ സന്ര്‍ന്ദഭത്തില്‍ എനിക്ക് താങ്കളെ ചെറിയ ഒരു സംഭവം ഓര്‍മ്മിപ്പിക്കാനുണ്ട്.
‘കൈവെട്ടിന്റെ” ചര്‍ച്ചകള്‍ സജീവമായിരുന്ന സന്ദര്‍ഭത്തില്‍ മുസ്ലിംലീഗിന്റെ ആഭിമുഖ്യത്തില്‍ പല മുസ്ലിം സംഘടനകളും മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ മതതീവ്രവാദത്തെ തള്ളിപ്പറയാനായി ഒരു സമ്മേളനം ചേര്‍ന്നിരുന്നു. ജമാഅത്തെ ഇസ്ലാമി, എസ് .ഡി.പി.ഐ, പി.ഡി.പി. എന്നീ സംഘടനകളെ ആ കൂട്ടത്തില്‍ കൂട്ടിയിരുന്നില്ല. (1 ആഗസ്ത് 2010 )
എസ് .ഡി.പി.ഐ തീവ്രവാദ സംഘടനയാണ് എന്ന് മുസ്ലിം ലീഗിന്റെ സമുന്നത നേതാവ് ഹൈദരലി ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കിയിട്ട് കാലം കുറച്ചായി . ആ പാര്‍ട്ടിയുടെ എം.കെ.മുനീര്‍, കെ. എം.ഷാജി എന്നീ എം.എല്‍.എ.മാര്‍ അവരുടെ പ്രസംഗങ്ങളില്‍ നിരന്തരം ആവര്‍ത്തിക്കുന്നവീക്ഷണമാണിത്. യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് ഈ വിമര്‍ശനം ഉന്നയിക്കാനുള്ള ഒരവസരവും പാഴാക്കി ഞാന്‍ കണ്ടിട്ടില്ല.
തര്‍ക്കമില്ല, എസ് .ഡി.പി.ഐ. തീവ്രവാദസംഘടനയാണ് എന്ന കാര്യത്തില്‍ നമ്മളെല്ലാം യോജിക്കുന്നു.
ഇനി രണ്ട് ചെറിയ ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ താങ്കള്‍ എന്നെ അനുവദിക്കണം:
1 . എസ്.ഡി.പി.ഐ.യുമായി സി.പി.എം. എന്നെങ്കിലും തെരഞ്ഞെടുപ്പ്ധാരണ ഉണ്ടാക്കിയിരുന്നുവോ?
2 .എസ്.ഡി.പി.ഐ.യുമായി സി.പി.എം. ഇനി എന്നെങ്കിലും തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കുമോ ?

മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പ്രദേശത്തിന്റെയോ ഭാഷയുടെയോ മറ്റെന്തിന്റെയോ പേരിലുള്ള ഒരുതരം തീവ്രവാദത്തെയും ഈ ജീവിതത്തില്‍ ഞാന്‍ ന്യായീകരിച്ചിട്ടില്ലെന്ന് ജനസമക്ഷം സത്യം ചെയ്തു പറയാന്‍ ഈ സന്ദര്‍ഭം ഉപയോഗിച്ചുകൊള്ളുന്നു.

സൗഹാര്‍ദപൂര്‍വ്വം
എം.എന്‍.കാരശ്ശേരി

SHARE