എം.എം മണിയും എസ്. രാജേന്ദ്രനും ഭൂമാഫിയയുടെ ആളുകളെന്ന് വി.എസ്

തിരുവനന്തപുരം: മൂന്നാര്‍ ഭൂമി കയ്യേറ്റ വിഷയത്തില്‍ സി.പി.എമ്മുകാരായ മന്ത്രി എം.എം മണിക്കും എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കുമെതിരെ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍.

എം.എം മണിയും എസ്. രാജേന്ദ്രനും ഭൂമാഫിയയുടെ ആളുകളാണെന്ന കാര്യത്തില്‍ സംശയംവല്ലതുമുണ്ടോയെന്നും ഇരുവരുടെയും പേര് വെളിപ്പെടുത്താതെ വി.എസ് പറഞ്ഞു. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ വരുന്നവരുടെ ‘കൈവെട്ടും, കാല്‍വെട്ടും, രണ്ടുകാലില്‍ നടക്കാന്‍ അനുവദിക്കില്ല’ എന്നൊക്കെ വിളിച്ചു കൂവുന്ന ഭൂമാഫിയയെ സര്‍ക്കാര്‍ നിലക്ക് നിര്‍ത്തണമെന്നും വി.എസ് വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.

ആവശ്യം വന്നാല്‍ താന്‍ മൂന്നാറിലേക്ക് പോകും. പട്ടയഭൂമിയിലാണ് എസ്.രാജേന്ദ്രന്‍ കഴിയുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം സ്വാഭാവികമാണ്. ഇത്തരം അഭിപ്രായങ്ങള്‍ മുന്നില്‍വെച്ച് മാധ്യമങ്ങള്‍ക്ക് സ്വതന്ത്ര്യമായി നിഗമനത്തിലെത്താം. സബ് കലക്ടര്‍ ജനങ്ങളുടെയും സംസ്ഥാന സര്‍ക്കാറിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉറച്ച് നില്‍ക്കുന്നയാളാണ്. ഭരണത്തിന് വേഗതപോരെന്നും വി.എസ് പറഞ്ഞു.
ഭൂമി കയ്യേറ്റം അനുവദിക്കില്ലെന്ന വാഗ്ദാനം പാലിക്കാന്‍ എല്‍.ഡി.എഫ് പ്രതിജ്ഞാബദ്ധമാണ്. ഭൂമാഫിയയുടെ ആളുകളും കയ്യേറ്റം നടത്തിയവരുമെല്ലാം കയ്യേറ്റമൊഴിപ്പിക്കലിനെതിരെ പരസ്യമായി രംഗത്ത് വരികയാണ്. ഇത് പണ്ടും സംഭവിച്ചതാണ്. ഭൂമാഫിയയുടെ കയ്യില്‍നിന്നും അവര്‍ എത്ര ഉന്നതരായാലും ഓരോ ഇഞ്ച് കയ്യേറ്റ ഭൂമിയും ഒഴിപ്പിച്ചെടുക്കണം. ആര്‍ജവത്തോടെ അതിനു മുതിരുന്നവരുടെ കൈ വെട്ടും, കാല്‍ വെട്ടും, രണ്ട് കാലില്‍ നടക്കാനനുവദിക്കില്ല എന്നൊക്കെ വിളിച്ചുകൂവുന്ന ഭൂമാഫിയകളെ നിലക്ക് നിര്‍ത്തുകയാണ് ഇടതുപക്ഷ സര്‍ക്കാറിന്റെ കടമയെന്നും വി.എസ് പറഞ്ഞു.

ഇക്കാര്യം പറഞ്ഞത് എം.എം മണിയും എസ്. രാജേന്ദ്രനുമായിരുന്നില്ലേയെന്നും ഇവര്‍ ഭൂമാഫിയയുടെ ആളുകളെന്നാണോ ഉദ്ദേശിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘സംശയം വല്ലതുമുണ്ടോ’ എന്നായിരുന്നു വി.എസിന്റെ മറുപടി. മൂന്നാറിലെ കുടിയേറ്റക്കാരെയും കയ്യേറ്റക്കാരെയും ഒരുപോലെയല്ല മുന്നണി കാണുന്നത്.

മൂന്നാറിലെ ക്വാറികളെയും ഏലപ്പാട്ട ഭൂമിയിലെ ബഹുനില കെട്ടിട നിര്‍മാണങ്ങളെയും ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ഇത്തരക്കാര്‍ക്കുവേണ്ടി വാദിക്കുന്നത് കേരളത്തിന്റെ താല്‍പര്യത്തിനു വേണ്ടിയല്ലെന്ന് വ്യക്തമാണ്. ഭൂമാഫിയാ ഗുണ്ടകളുടെ നിലവാരമുള്ളവരെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. മൂന്നാറിലും പരിസര പ്രദേശങ്ങളിലും വലിയ നിക്ഷേപങ്ങളുള്ളവരെ ജനങ്ങള്‍ക്കറിയാം. അവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും വി.എസ് പറഞ്ഞു.

കോവളം കൊട്ടാരം ഏറ്റെടുത്ത നടപടി റദ്ദ് ചെയ്തതിനെതിരെ സര്‍ക്കാര്‍ സിവില്‍ കേസ് ഫയല്‍ ചെയ്യണം. പത്ത് മാസം പൂര്‍ത്താക്കിയ സര്‍ക്കാറില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ പുറത്തായത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ ബാക്കിയുള്ളവര്‍ എല്ലാവരും കൂടി കേരളത്തിന്റെ കാര്യം നോക്കുമെന്നായിരുന്നു വി.എസിന്റെ മറുപടി.

SHARE