‘നുണ പ്രചരിപ്പിക്കുന്നത് കുബുദ്ധികള്‍, സംസ്ഥാനത്തെ ഒരു ഡാമിനും അപകടം പറ്റിയിട്ടില്ല’: എംഎം മണി

കൊച്ചി: സംസ്ഥാനം പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ അനാവശ്യ നുണ പ്രചാരണങ്ങള്‍ നടത്തരുതെന്ന് വൈദ്യുതി മന്ത്രി എം.എം മണി. മുല്ലപ്പെരിയാര്‍ എന്നല്ല കേരളത്തിലെ ഒരു ഡാമിനും അപകടം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡാം പൊട്ടി ഉള്‍പ്പെടെ നുണ പ്രചരിപ്പിക്കുന്നത് ചില കുബുദ്ധികളാമെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് കേരളത്തിലെ എല്ലാ ഡാമുകളും പ്രവര്‍ത്തിക്കുന്നത്.

ഈ ദുരന്തത്തിനിടയിലും നുണ പ്രചാരണവുമായി ചില കുബുദ്ധികള്‍ ഇറങ്ങിയിട്ടുണ്ട്. ദുരന്തമുഖത്തില്‍ നിന്ന് കരകയറിയതിനു ശേഷം ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും എംഎം മണി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മുല്ലപെരിയാര്‍ എന്നല്ല കേരളത്തിലെ ഒരു ഡാമിനും ഒരപകടവും സംഭവിച്ചിട്ടില്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് കേരളത്തിലെ എല്ലാ ഡാമുകളും പ്രവര്‍ത്തിക്കുന്നത്. ഈ ദുരന്തത്തിനടയിലും നുണ പ്രചാരണവുമായി ചില കുബുദ്ധികള്‍ ഇറങ്ങിയിട്ടുണ്ട്. ദുരന്തമുഖത്തില്‍ നിന്ന് കരകയറിയതിനു ശേഷം ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണ്‌

SHARE