ആരോഗ്യനിലയില്‍ പുരോഗതി; എം.എം മണി ആശുപത്രി വിട്ടു


തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രി എം.എം. മണി ആശുപത്രി വിട്ടു. മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തില്‍ ബുധനാഴ്ച ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജ് ഇ എന്‍ ടി വിഭാഗത്തില്‍ ചെക്കപ്പിനായെത്തിയ മന്ത്രിയെ തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഡ്മിറ്റ് ചെയ്തത്. ശനിയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടര്‍ന്നു.

ചൊവ്വാഴ്ച നടന്ന സ്‌കാനിംഗ് പരിശോധനയില്‍ പുതിയ രക്തസ്രാവലക്ഷണങ്ങളില്ലെന്നും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബുധനാഴ്ചത്തെ മെഡിക്കല്‍ ബോര്‍ഡ് യോഗം മന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്. വൈകുന്നേരത്തോടെ മന്ത്രി ആശുപത്രി വിട്ടു.

SHARE