മന്ത്രി എം.എം മണി പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണം: കെ.പി.എ മജീദ്

കോഴിക്കോട്: പെമ്പിളൈഒരുമയുടെ നേതൃത്വത്തില്‍ ഇടുക്കി തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ നടത്തിയ സമരത്തെ സംസ്‌കാര ശൂന്യമായ പരാമര്‍ശത്തിലൂടെ അപമാനിച്ച മന്ത്രി എം.എം മണിയുടേത് വിവരക്കേടും അധാര്‍മ്മികവുമാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സ്ത്രീകള്‍ മാത്രം പങ്കെടുത്ത രാപകല്‍ സമരം പുതുമയുള്ളതും നിശ്ചയദാര്‍ഢ്യത്തോടെയുള്ളതുമായിരുന്നു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും അവരുടെ ന്യായമായ ആവശ്യത്തൊടൊപ്പം ചേര്‍ന്നതോടെ വിജയംകണ്ട സമരം.
യു.ഡി.എഫ് സര്‍ക്കാറിന്റെ ഇച്ഛാശക്തിയും പെമ്പിളൈഒരുമയുടെ പോരാട്ടവീര്യവും കുത്തക മുതലാളിമാര്‍ക്ക് കൂലിവര്‍ധനയും ബോണസും കൊടുക്കാന്‍ നിര്‍ബന്ധിതമാക്കി. സമരത്തില്‍ അണിചേര്‍ന്ന തോട്ടം മേഖലയിലെ പതിനായിരക്കണക്കിന് വനിതകളെ തരംതാണ പരാമര്‍ശത്തിലൂടെ അവഹേളിക്കുമ്പോള്‍ ലജ്ജിച്ച് തലതാഴ്ത്തേണ്ട ഗതികേടിലാണ് കേരളീയ സമൂഹം. സാമാന്യ ബോധമുള്ള ആരും പറയാന്‍ അറക്കുന്ന വാക്കുകള്‍ മന്ത്രി സ്ഥാനത്തിനിരിക്കുന്ന ഒരാള്‍ക്ക് യോജിച്ചതല്ല. പരാമര്‍ശം പിന്‍വലിച്ച് എം.എം മണി പൊതുസമൂഹത്തോട് മാപ്പുപറയണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

SHARE