ബി.ജെ.പി ഉപവാസ വേദിയില്‍ വീണ്ടും എം.എം.ലോറന്‍സിന്റെ കൊച്ചുമകന്‍

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ ചെറുമകന്‍ വീണ്ടും ബി.ജെ.പി വേദിയില്‍. ലോറന്‍സിന്റെ ചെറുമകനായ മിലന്‍ ഇമ്മാനുവല്‍ ജോസഫാണ് നിരാഹാരം കിടക്കുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനെ സന്ദര്‍ശിച്ചത്.

ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസ സമരം ചെയ്യുന്ന രാധാകൃഷ്ണനെ സന്ദര്‍ശിക്കാന്‍ മിലന്‍ ഇമ്മാനുവല്‍ എത്തുകയായിരുന്നു. ശബരിമല വിഷയത്തില്‍ നടത്തുന്ന സമരം രാഷ്ട്രീയമല്ലെന്നും തികച്ചും ആത്മീയമാണെന്നും മിലന്‍ പറഞ്ഞു. കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് തെറ്റായ നടപടിയാണെന്നും മിലന്‍ കൂട്ടിച്ചേര്‍ത്തു. നേരത്ത ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയില്‍ മിലന്‍ പങ്കെടുത്തത് രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു.

എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമായത് കൊണ്ടാണ് താന്‍ ശബരിമല സമരത്തില്‍ പങ്കെടുത്തത്. അത് രാഷ്ട്രീയ സമരമാണെന്ന് തോന്നുന്നില്ല. തികച്ചും ആത്മീയമാണെന്നും മിലന്‍ പറഞ്ഞു.

SHARE