‘തോമസ് ചാണ്ടിയെ രാജിവെപ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണം’; എം.എം.ഹസ്സന്‍

കൊച്ചി: നോട്ട് നിരോധനം ഒരു വര്‍ഷം തികയുന്ന ദിവസം എല്ലാ നിയോജക മണ്ഡലത്തിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്നേദിവസം രാത്രി 8.00 മണിക്ക് ജില്ലാ ആസ്ഥാനങ്ങളില്‍ മെഴുകുതിരി പ്രകടനം നടത്തും. നോട്ട് നിരോധനം മൂലം മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ എതിര്‍ക്കുന്നതില്‍ സിപിഎമ്മിന് ആത്മാര്‍ഥത ഇല്ല. അതുകൊണ്ട് അവരുമായി ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യാനില്ല. എന്നാല്‍ സി പി ഐ ക്ക് ആത്മാര്‍ഥതയുണ്ട്. അവര്‍ തയാറാണെങ്കില്‍ ഒരുമിച്ച് സമരം നടത്തും. സി പി എം കൈയേറ്റക്കാരേയും കള്ളക്കടത്തുകാരേയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി മാറി. ഇ പി ജയരാജനും ശശീന്ദ്രനും നല്‍കാത്ത പരിഗണന തോമസ് ചാണ്ടിക്ക് നല്‍കുകയാണ്. നിയമലംഘനം നടത്തിയ തോമസ് ചാണ്ടി വെല്ലുവിളി നടത്തിയിട്ടും നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രി അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ്. കലക്ടറുടെ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാത്ത സര്‍ക്കാര്‍ നിലപാട് ശരിയല്ല. തോമസ് ചാണ്ടിയെ രാജിവെപ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും എം.എം.ഹസ്സന്‍ പറഞ്ഞു.

എല്ലാത്തരം കൈയേറ്റങ്ങളെയും പിണറായി വിജയന്‍ ന്യായീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.