സ്പ്രിംക്ലര്‍;സി.ബി.ഐ അന്വേഷണം വേണമെന്ന് എം.എം ഹസന്‍

തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയാതെ ഒളിച്ചോടുകയാണെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. സ്പ്രിംക്ലറില്‍ ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയുടെ ധാര്‍മ്മിക ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും താല്‍പ്പര്യമെന്താണെന്നും ഈ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്പ്രിംക്ലര്‍ ഇടപാടില്‍ മുഖ്യമന്ത്രി വിവാദത്തിനില്ലെന്ന് പറയുന്നത് ഒളിച്ചോട്ടമാണ്. പുരയ്ക്ക് തീപിടിക്കുമ്പോള്‍ വാഴ വെട്ടുന്നത് പോലെയാണ്.കേരളത്തെ വൈറസില്‍ നിന്നും രോഗവിമുക്തമാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി, രോഗങ്ങളുടെ വ്യാപാരികള്‍ക്ക് കേരളത്തെ പറുദ്ദീസയാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. ഡാറ്റയിലെ വ്യക്തികളുടെ ആരോഗ്യവിവരങ്ങള്‍ വിലയുള്ളതാണ്. ഡാറ്റാ മൈനിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ സാധ്യതകള്‍ ഉപയോഗിച്ച് കുത്തക കമ്പനികള്‍ക്ക് കോടികള്‍ കൊയ്യാനുള്ള അവസരം ഒരുക്കികൊടുക്കുകയാണ് ഡാറ്റാ കൈമാറ്റത്തിലൂടെ സര്‍ക്കാര്‍ നല്‍കിയതെന്നും ഹസന്‍ പറഞ്ഞു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കാനനത്തില്‍ തപസിരിക്കുകയാണോ എന്ന് സംശയമാണെന്നും സ്പ്രിംക്ലര്‍ വിവാദത്തില്‍ കാനത്തിന്റെ മൗനം ദുരൂഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.എം ഷാജിക്കെതിരെയുള്ള വിജിലന്‍സ് കേസിന് അന്വേഷണ അനുമതി നല്‍കിയ സ്പീക്കറുടെ നിലപാടില്‍ സംശയമുണ്ട്. സ്പീക്കര്‍ മറ്റൊരു ബാഹ്യ അധികാര കേന്ദ്രങ്ങളുടെ ഭാഗമാകാന്‍ പാടില്ല. അത് സ്പീക്കറുടെ നിഷ്പക്ഷതയ്ക്ക് ക്ഷതമേല്‍പ്പിക്കും. മോദിക്കും പിണറായിക്കും പ്രതിയോഗികളെയും എതിര്‍ശബ്ദങ്ങളെയും അടിച്ചമര്‍ത്തുന്നതാണ് ലക്ഷ്യമെന്നും ഹസന്‍ പറഞ്ഞു.