എംഎല്‍എയുടെ മകന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

എം.എല്‍.എയുടെ മകനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറ്റ്‌നയിലെ ജനതാദള്‍ യൂണൈറ്റഡ് എം.എല്‍.എയും മുന്‍ മന്ത്രിയുമായ ബീമാ ഭാരതിയുടെ മൂത്തമകന്‍ ദീപക്കുമാര്‍ മണ്ഡാലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാറ്റ്‌നയിലെ രാജേന്ദ്ര നഗര്‍ റെയില്‍വെ ടെര്‍മിനലിനു സമീപത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ദീപക്കുമാറിന്റെ രണ്ടു സുഹൃത്തുക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ഹൃഥ്വിക്, മൃത്യുജ്ഞയ് എന്നിവരാണ് അറസ്റ്റിലായത്. ബസാര്‍ സമിതി പ്രദേശത്തെ ഹൃഥ്വിക്കിന്റെ വീട്ടിലാണ് ദീപക് കുമാര്‍ വ്യാഴാഴ്ച രാത്രി താമസിച്ചിരുന്നത്.

ട്രയിന്‍ തട്ടിയല്ല മരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ഇതുസംബന്ധിച്ച് വ്യക്തത ലഭിക്കുകയുള്ളൂവെന്ന് പാറ്റ്‌ന ഡി.ഐ.ജി രാജേഷ്‌കുമാര്‍ പറഞ്ഞു. ശരീരത്തില്‍ ഘനമേറിയ മരക്കഷ്ണം കൊണ്ട് അടിയേറ്റതിന്റെ നിരവധി മുറിവുകളുണ്ടെന്നും ഇത്് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ വിദഗ്ധാന്വേഷണം വേണമെന്ന് ഭീമാ ഭാരതിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

SHARE