ആളുകള്‍ നിയമം കയ്യിലെടുക്കുന്നത് രാജ്യം ആക്രമികള്‍ ഭരിക്കുന്നതിനാല്‍; കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

കോഴിക്കോട്: ബിജെപി ഭരണത്തിന് കീഴില്‍ രാജ്യത്ത് അക്രമസംഭവങ്ങള്‍ ക്രമാതീതമായി നിലവിലെ അവസ്ഥയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ആളുകള്‍ നിയമം കയ്യിലെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നതിന് പിന്നിലും നമ്മുടെ ഭരണഘടനാസ്ഥാപനങ്ങളുടെ തകര്‍ച്ചയ്ക്ക് പിന്നിലുമൊക്കെയുള്ള യഥാര്‍ത്ഥ പ്രശ്‌നം രാജ്യഭരണത്തിന് നേതൃത്വം നല്‍കുന്നവരാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. അക്രമത്തിലും അധികാര ദുര്‍വിനിയോഗത്തിലും വിശ്വസിക്കുന്നവര്‍ രാജ്യഭരണം നടത്തുന്നവരായതാമ് രാജ്യത്ത് ഇത്തരത്തില്‍ അരക്ഷിതവസ്ഥയുണ്ടാകാന്‍ കാരണമെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വയനാട് മണ്ഡലത്തിലെ സന്ദര്‍ശനത്തിനിടെ പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

വിദ്വേഷത്തിന്റെയും പകയുടെയും ആശയത്തില്‍ വിശ്വസിക്കുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ജീവിതം മുഴുവനായും വിഭജനം, അക്രമം, പക എന്നിവയില്‍ അധിഷ്ഠിതമാണെന്നും കുറ്റപ്പെടുത്തിയ രാഹുല്‍ ഗാന്ധി, എവിടെയും മതം മാത്രം പറയുന്ന മോദി മത ഗ്രന്ഥങ്ങളെങ്കിലും വായിക്കണമെന്ന് പറഞ്ഞു. ഏതെങ്കിലും മതം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് തെളിയിക്കാന്‍ പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു.

രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതത്വമില്ലാതായി. ഇന്ത്യ ബലാത്സംഗങ്ങളുടെ തലസ്ഥാനമായെന്നും ലോകരാജ്യങ്ങള്‍ ഇന്ത്യയുടെ അവസ്ഥ കണ്ട് പരിതപിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ടിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ദളിതര്‍ക്കും ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്നു, അവര്‍ക്കെതിരെ വിദ്വേഷം പടര്‍ത്തുന്നു. ക്രൂരമായ സംഭവങ്ങള്‍ ഓരോ ദിവസവും വര്‍ധിക്കുകയാണ്. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന വാര്‍ത്തകളാണ് ദിവസവും കാണാനാകുന്നത്. കാര്‍ഷിക മേഖല ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ സാമ്പത്തിക നില പാടെ തകര്‍ന്നു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായന്നും രാഹുല്‍ ഗാന്ധി. സാമ്പത്തികനിലയെക്കുറിച്ച് സംവദിക്കാനും പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു.