മലയാളത്തിലെ പ്രമുഖ വാര്‍ത്ത ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയില്‍ പ്രതികരണവുമായി എം.കെ മുനീര്‍ എം.എല്‍.എ.
ഫെയ്സ്ബുക്ക് കുറിപ്പ്
ഏഷ്യാനെറ്റിനെയും മീഡിയവണ്ണിനെയും 48 മണിക്കൂര്‍ വിലക്കിയിരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ഫാഷിസ്റ്റ് നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു.
ആര്‍എസ്എസ്സിനെ വിമര്‍ശിച്ചതാണ് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും നല്കിയ നോട്ടീസില്‍ കുറ്റമായി കാണിച്ചിരിക്കുന്നത്.ആര് എസ് എസ്സിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന സംഘ് പരിവാര്‍ തിട്ടൂരമാണിത്. ഞങ്ങളെ വിമര്‍ശിച്ചാല്‍, ഞങ്ങളുടെ താല്പര്യത്തിനപ്പുറം നിങ്ങള്‍ നിലപാടുകള്‍ സ്വീകരിച്ചാല്‍ ഇതാണ് ശിക്ഷ എന്നുള്ള ഭയപ്പെടുത്തല്‍.സി എ എ അനുകൂലികളുടെ അക്രമത്തെ ഫോക്കസ് ചെയ്തതും ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പം സത്യസന്ധമായി നിലകൊണ്ടതും ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ടതുമൊക്കെ പുറം ലോകത്തെ കാണിച്ചതാണ് വിലക്കേര്‍പ്പെടുത്തപ്പെട്ട മീഡിയകള്‍ ചെയ്ത തെറ്റെങ്കില്‍ ആ തെറ്റ് നാം ആവര്‍ത്തിക്കുമെന്ന് മാധ്യമങ്ങള്‍ക്കൊപ്പം മതേതര സമൂഹവും ഉറക്കെ പ്രഖ്യാപിക്കേണ്ട സമയമാണിത്.
ശബ്ദിക്കുന്ന അവസാനത്തെ മാധ്യമ പ്രവര്‍ത്തകരെയും നിശബ്ദമാക്കാനുള്ള ഈ അജന്‍ഡയെ അനുവദിക്കാനാകില്ല.
പ്രിയ മാധ്യമ സുഹൃത്തുക്കളേ, ഈ പോരാട്ടത്തില്‍ നിങ്ങള്‍ തനിച്ചല്ല. ഇന്ത്യയിലെ സെക്യുലര്‍ സമൂഹം നിങ്ങള്‍ക്കൊപ്പമുണ്ട്. ഫാഷിസ്റ്റുകള്‍ എല്ലാത്തിനെയും ഭയപ്പെട്ട് തുടങ്ങിയിരിക്കുന്നുവെന്നതിന്റെ നിദര്‍ശനമാണിത്. എല്ലാതരം തുറന്ന് പറച്ചിലുകളും അവരെ പരിഭ്രാന്തരാക്കുന്നു. വിവേകമുള്ള ഒരു കുഞ്ഞ് ജന്മം പോലും അവര്‍ക്കെതിരായി തീരുന്നു. ചരിത്രം നമ്മോട് പറയുന്നത് എല്ലാ ഫാഷിസത്തിന്റെയും അന്ത്യം ഇങ്ങനെ തന്നെ ആയിരിക്കുമെന്നാണ്. പോരാട്ടം തുടരുക. അസഹ്യമായ ഫാഷിസത്തിന്റെ ഈ അധികാര ഗര്വ്വിന് മീതെ നാം ജനാധിപത്യവിശ്വാസികള്‍ വിജയം വരിക്കും വരെ.