പിപിഇ കിറ്റും ധരിച്ച് പ്രതിഷേധിക്കാന്‍ ചെറുപ്പക്കാര്‍ തെരുവില്‍ ഇറങ്ങേണ്ടി വന്നതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്

ഈ ചിത്രം കേരളത്തിന്റെ നേര്‍ക്കാഴ്ചയാണ്. ഇന്ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന ഒരു സമരത്തിന്റെ മുന്നോടിയായുള്ള ചിത്രം എനിക്ക് അയച്ചു തന്നത് അവരുടെ ഒരു പ്രതിനിധിയാണ്. ഇക്കാലത്ത് PPE കിറ്റും ധരിച്ച് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ചെറുപ്പക്കാര്‍ തെരുവില്‍ ഇറങ്ങേണ്ടി വന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ അധികാരത്തിന്റെ ഉന്മത്താവസ്ഥയില്‍ ഇരിക്കുന്ന ഭരണാധികാരികളാണ്. മുമ്പെങ്ങും തൊഴില്‍രഹിതപി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സായ ചെറുപ്പക്കാര്‍ക്ക് ഈ ദുര്‍ഗതി ഉണ്ടായിട്ടില്ല.

പോലീസ് റാങ്ക് ലിസ്റ്റ് മുതല്‍ കേരളത്തിലെ പ്രതിപക്ഷം കണ്ണിമവെട്ടാതെ യുവജനങ്ങളോടൊപ്പമാണ് .സിപിഒ,സിവില്‍ എക്‌സൈസ് ഓഫീസര്‍,എല്‍ഡിസി, എല്‍ ജി എസ്, സപ്ലൈകോയില്‍ ഹെല്‍പ്പര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് തുടങ്ങി ഏറ്റവുമൊടുവില്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റുകളെ സംബന്ധിച്ച പരാതിയുമായി എത്തിയിരുന്നു. ലോക്ക് ഡൗണ്‍ കാലം മുതല്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ എത്രയെത്ര പരാതികള്‍ മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നു!!

സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. ചരിത്രത്തിലാദ്യമായാണ് സിപിഒ റാങ്ക് ലിസ്റ്റിന് കേവലം ആറു മാസം മാത്രം കാലാവധി ഉണ്ടാവുന്നത്. ടിപി വേക്കന്‍സി വരെ അട്ടിമറിച്ചു.

ടെസ്റ്റും ഫിസിക്കലും പാസായി റാങ്ക് ലിസ്റ്റില്‍ വരുന്നവരുടെ Effort പുറം വാതിലിലൂടെ ബന്ധുക്കളെയും അനര്‍ഹരെയും നിയമിക്കുന്നവര്‍ക്ക് മനസ്സിലാകില്ല.

വികലാംഗ ക്ഷേമ കോര്‍പ്പറേഷനില്‍, കിലെയില്‍, യുവജന കമ്മീഷനില്‍, ലൈബ്രറി കൗണ്‍സിലില്‍, സിഡിറ്റില്‍, ഐടി മിഷനില്‍ ഒക്കെയും അനര്‍ഹരെ സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് മനസ്സിലാക്കി നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പോലും ഇന്നും ഉത്തരം നല്‍കിയിട്ടില്ല.

ഈ മഹാമാരിക്കിടെ സര്‍ക്കാര്‍ വീണ്ടും സ്വജനപക്ഷപാതം കാണിച്ചിട്ടുണ്ട്. ആറായിരത്തോളം ആരോഗ്യ പ്രവര്‍ത്തകരുടെ താല്‍ക്കാലിക നിയമനം ആണത്.ഇരുപത്തി അയ്യായിരത്തോളം വരുന്ന സ്റ്റാഫ് നേഴ്‌സ് റാങ്ക് ലിസ്റ്റ് പതിനായിരത്തോളം വരുന്ന ഫാര്‍മസിസ്റ്റ് റാങ്ക് ലിസ്റ്റ് എന്നിവയത്രയും നിലനില്‍ക്കെ,സ്വന്തക്കാരെയും ബന്ധുക്കളെയും നിയമിച്ചതിന് എന്ത് ന്യായീകരണമാണ് നല്‍കാനുള്ളത്. ?

ഒരു കാര്യം അസന്ദിഗ്ധമായി പറയുകയാണ്, കേരളത്തിലെ പ്രതിപക്ഷം വിദ്യാസമ്പന്നരായ തൊഴില്‍ രഹിത ചെറുപ്പക്കാരുടെ കണ്ണീരൊപ്പാന്‍ കൂടെ ഉണ്ടാകും. ഇനിയുള്ള ഓരോ ദിവസവും ഈ സര്‍ക്കാരിന്റെ കൗണ്ട് ഡൗണും യുവാക്കളുടെ തൊഴില്‍ വാതായനത്തിലേക്കുള്ള കാല്‍വെപ്പും ആയിരിക്കും!!

SHARE