തിരുവനന്തപുരം: കോവിഡ് ടെസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റിനു വേണ്ടിയല്ല, പ്രവാസിയുടെ മരണ സര്‍ട്ടിഫിക്കറ്റിനു വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കാത്തിരിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ലീഡറുമായ ഡോ. എം.കെ മുനീര്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മുസ്‌ലിം യൂത്ത്‌ലീഗ് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമാണ് കേരളത്തില്‍പോലും കോവിഡ് ടെസ്റ്റ് ചെയ്യുന്നത്. പല വിദേശ രാജ്യങ്ങളിലും രോഗമുള്ളവര്‍ പോലും ടെസ്റ്റ് നടത്താന്‍ കഴിയാതെ പ്രയാസപ്പെടുകയാണ്. ഇതൊക്കെ അറിഞ്ഞുകൊണ്ടാണ് ആരോഗ്യ മന്ത്രി നാട്ടിലേക്കു വരുന്ന വിദേശികളെല്ലാം കോവിഡ് പരിശോധിച്ച് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരണമെന്നു പറയുന്നത്. കോവിഡ് പോസിറ്റീവുള്ളവര്‍ക്ക് ഒരു വിമാനവും നെഗറ്റീവുള്ളവര്‍ക്ക് മറ്റൊരു വിമാനവുമെന്ന മഹാവിഡ്ഢിത്തവും സര്‍ക്കാര്‍ മുന്നോട്ടു വെച്ചു. പോസിറ്റീവുള്ളവരെ കൊണ്ടുവരുന്ന വിമാനത്തിലെ പൈലറ്റും എയര്‍ ഹോസ്റ്റസുമൊക്കെ കോവിഡ് പോസിറ്റീവായവര്‍ ആകണമെന്നമെന്നു പറയാതിരുന്നത് ഭാഗ്യം. പറയുന്ന കാര്യങ്ങളില്‍ ഒരു യുക്തിയുമില്ലാതെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. അദ്ദേഹം വിശദീകരിച്ചു.
ട്രൂനാറ്റ് ടെസ്റ്റ് നടത്തിയാല്‍ മതി എന്നാണ് ഇപ്പോള്‍ പറയുന്നത്. ട്രൂനാറ്റ് ടെസ്റ്റ് എന്നത് ഒരു ഇന്ത്യന്‍ കമ്പനി നടത്തുന്നതാണ്. ഇന്ത്യയില്‍ത്തന്നെ വ്യാപകമായിട്ടില്ലാത്ത ഈ ടെസ്റ്റാണ് ഇപ്പോള്‍ വിദേശത്തു നടത്താന്‍ ആവശ്യപ്പെടുന്നത്. മദ്യഷാപ്പില്‍ കൂട്ടം കൂടുന്നത് പ്രശ്‌നമില്ലാത്തവരാണ് പ്രവാസി കൂട്ടംകൂടിയാല്‍ കോവിഡ് പടരുമെന്ന് പറയുന്നത്. വന്നവരെ ക്വാറന്റീനില്‍ ഇരുത്തി ഏഴു ദിവസത്തിനു ശേഷം ടെസ്റ്റ് ചെയ്താല്‍ മതിയെന്നു പറഞ്ഞതില്‍നിന്ന് സര്‍ക്കാര്‍ മലക്കം മറിഞ്ഞു. പ്രവാസികളോട് എന്തോ വൈരാഗ്യമുള്ളതു പോലെ ഓരോ ദിവസവും ഓരോ ന്യായങ്ങളാണ് പറയുന്നത്. ഇറ്റലിക്കാരെ കൊണ്ടുവരാന്‍ ടെസ്റ്റ് വേണമെന്നു കേന്ദ്രം പറഞ്ഞപ്പോള്‍ അതിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കി. ആ പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു. ഞങ്ങളിപ്പോഴും അതില്‍ ഉറച്ചു നില്‍ക്കുന്നു. എന്നാല്‍ നിങ്ങള്‍ നിലപാടു മാറ്റി. ഓരോ സമയത്തും തോന്നിയ പോലെ നിലപാടു മാറ്റുമ്പോള്‍ കൂടെ നില്‍ക്കാന്‍ പ്രതിപക്ഷത്തെ കിട്ടില്ല. നിയമസഭ പാസാക്കിയ പ്രമേയം ഇപ്പോഴും നിലനില്‍ക്കുമ്പോഴാണ് പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന് സര്‍ക്കാര്‍ പറയുന്നത്. ഈ വിരോധാഭാസത്തിനെതിരെ ഏതറ്റം വരെയും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.