പിണറായിയുടെ ദേഹത്ത് സ്റ്റാലിന്റെ പ്രേതം: ഡോ.എം.കെ.മുനീര്‍

 

കൊയിലാണ്ടി: മാധ്യമങ്ങള്‍ക്ക് പോലും വിലക്കേര്‍പ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ദേഹത്ത് ഏകാധിപതിയായ സ്റ്റാലിന്റെ പ്രേതമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീര്‍. മുസ്‌ലിം യൂത്ത്‌ലീഗ് യുവജന യാത്രക്ക് കൊയിലാണ്ടിയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. എന്നാല്‍ ഇനി മുതല്‍ കേരളത്തിലെ മന്ത്രിസഭ അംഗങ്ങളോട് മാധ്യമങ്ങള്‍ സംസാരിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കയാണ്.
ആഭ്യന്തര സെക്രട്ടറി ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിക്കഴിഞ്ഞു. സി.പി.എം തീരുമാനം നടപ്പാക്കാനുള്ള ഇടമല്ല ശബരിമല. യേശുവല്ല, അപ്പം തരുന്നത് ലെനിനാണെന്ന്് പ്രഖ്യാപിച്ച ബോള്‍ഷവിക്കുകളെപ്പോലെ അയ്യപ്പനെക്കാള്‍ പ്രധാനം പിണറായിക്കാണ് എന്ന് പ്രഖ്യാപനമാണ് സി.പി.എം നടത്തുന്നത്. എന്നാല്‍ ഇത് റഷ്യയല്ല, കേരളമാണെന്നും ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
മോദിയും പിണറായിയും കത്രികയുടെ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. ജാതിയുടെയും മതങ്ങളുടെയും പേരില്‍ അവര്‍ ജനങ്ങളെ അവര്‍ മുറിച്ചു മാറ്റുകയാണ്. പിണറായി അതിന് ശബരി മല ആയുധമാക്കുമ്പോള്‍ മോദി അയോദ്ധ്യയെ അവസരമാക്കുകയാണ്. എന്നാല്‍ മുറിച്ച് മാറ്റപ്പെട്ടതിനെ തുന്നിച്ചേര്‍ക്കുന്ന സൂചിയുടെയും നൂലിന്റെയും ദൗത്യമാണ് യൂവജനയാത്ര നിര്‍വ്വഹിക്കുന്നതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

SHARE