483 പേരുടെ മരണത്തിന്റെയും നാശത്തിന്റെയും ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണം: മുനീര്‍

തിരുവനന്തപുരം: മഹാപ്രളയത്തില്‍ 483 പേര്‍ മരണപ്പെട്ടതിന്റെയും നാശത്തിന്റെയും ഉത്തരവാദിത്വം ഇടത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മുസ്‌ലിംലീഗ് നിയമസഭ കക്ഷി നേതാവ് എം.കെ മുനീര്‍. മനുഷ്യ നിര്‍മിത ദുരന്തം വരുത്തിവെച്ചതില്‍ ഒന്നാം പ്രതി വൈദ്യുതിമന്ത്രിയാണെന്നും മന്ത്രിക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്നും മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
483 പേരുടെ മരണത്തിന്റെയും ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നാണ് അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ഈ സാഹചര്യത്തില്‍ പിണറായി സര്‍ക്കാരിന് തുടരാന്‍ അര്‍ഹതയില്ല. പ്രളയം മനുഷ്യ നിര്‍മിതിമാണെന്ന്, പ്രളയത്തിന് ശേഷം വിളിച്ചു ചേര്‍ത്ത നിയമസഭ സമ്മേളനത്തില്‍ പ്രതിപക്ഷം പറഞ്ഞപ്പോള്‍ പരിഹസിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ബാറുകള്‍ തുറക്കുന്ന ലാഘവത്തോടെ ഡാമുകള്‍ തുറന്നതാണ് ദുരന്തത്തിന് ഇടയാക്കിയത്. കാലവസ്ഥാ മുന്നറിയിപ്പുകള്‍ ലാഘവത്തോടെയാണ് സര്‍ക്കാര്‍ കണ്ടത്. ഓറഞ്ച് അലര്‍ട്ടും റെഡ് അലര്‍ട്ടും കിട്ടിയപ്പോഴും സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇറിഗേഷന്‍, വൈദ്യുതി മന്ത്രിമാര്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. പ്രളയകാലത്ത് ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഇറിഗേഷന്‍, വൈദ്യുതി മന്ത്രിമാര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. പത്രക്കാര്‍ക്കുവേണ്ടി ഡാമുകള്‍ തുറക്കാന്‍ കഴിയില്ലെന്നായിരുന്നു അന്ന് വൈദ്യുതി മന്ത്രി പറഞ്ഞത്. പിന്നീട് ഡാമുകള്‍ തുറന്നപ്പോള്‍ പരിഹാസ്യരൂപേണ വൈദ്യുതി മന്ത്രി പറഞ്ഞത്, പത്രക്കാരെ പറ്റിക്കാന്‍ വേണ്ടിയായിരുന്നു ഡാമുകള്‍ തുറക്കില്ലെന്ന് പറഞ്ഞത് എന്നായിരുന്നു. പത്രക്കാരെ ഇളിഭ്യരാക്കാന്‍ എത്ര ജീവനുകളാണ് മന്ത്രി കൊടുത്തതെന്ന് മന്ത്രി വ്യക്തമാക്കണം. കുറ്റകരമായ അനാസ്ഥയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. ദുരന്തം വരുത്തിവെച്ചതിന് സര്‍ക്കാര്‍ മറുപടി നല്‍കിയെ മതിയാകു. ഇക്കാര്യത്തില്‍ ജനങ്ങളോട് മറുപടി പറയാല്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു.

SHARE