മാസ്‌ക് വെച്ചാല്‍ മിണ്ടരുതെന്നാണ് പിണറായി ധരിച്ചുവെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് നേതാവുമായ എം.കെ മുനീറിന്റെ പരിഹാസം. മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയാണ്. തന്നെ ആരും വിമര്‍ശിക്കാന്‍ പാടില്ലെന്നും താന്‍ ഏകഛത്രാധിപതിയാണെന്നാണ് മുഖ്യമന്ത്രിയുടെ ധാരണയെന്നും എം.കെ മുനീര്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ആരോപണം ഉന്നയിച്ച കെ.എം ഷാജിയെ എം.കെ മുനീറും പി.കെ കുഞ്ഞാലിക്കുട്ടിയും പിന്തുണച്ചു. കെ.എം ഷാജിയുടെ വിമര്‍ശനത്തോട് മുഖ്യമന്ത്രിക്ക് പ്രകോപനം ഉണ്ടാകേണ്ടതില്ലെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഇനിയും ചൂണ്ടിക്കാട്ടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോവിഡിനെതിരായ പ്രതിരോധത്തിന് ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച കെ.എം.ഷാജിക്ക് മുഖ്യമന്ത്രി ഇന്നലെ മറുപടി നല്‍കിയിരുന്നു. ഷാജിയുടെ പ്രസ്താവന അമ്പരപ്പുളവാക്കിയെന്നും ഒരു പൊതുപ്രവര്‍ത്തകനില്‍ നിന്നു പ്രതീക്ഷിക്കാന്‍ കഴിയുന്ന വാക്കുകളല്ല അതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിക്കുകയുണ്ടായി. ഇതിനു മറുപടിയായാണ് ഷാജി എം.കെ മുനീറിനൊപ്പം ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചത്.
ഭയപ്പെടുത്തി നിശബ്ദനാക്കാനാവില്ലെന്നാണ് മുഖ്യമന്ത്രിക്ക് കെ.എം ഷാജി മറുപടി നല്‍കിയത്. സ്പ്രിംഗ്ളര്‍ വിവാദമാണ് മുഖ്യമന്ത്രിയുടെ പ്രകോപനത്തിന് കാരണം. ഷുക്കൂര്‍ കേസില്‍ പണം നല്‍കിയത് എവിടെ നിന്നെന്ന് മുഖ്യമന്ത്രി പറയണം. കോവിഡ് കാലം രാഷ്ട്രീയത്തിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടില്ല. പിണറായി മഴു എറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്നും കെ.എം ഷാജി പറഞ്ഞു.