ജോസ് കെ.മാണി വിഭാഗവുമായി ചര്‍ച്ച തുടരുമെന്ന് എം.കെ മുനീര്‍


കോഴിക്കോട്: ജോസ് വിഭാഗത്തെ യു.ഡി.എഫില്‍ നിര്‍ത്താന്‍ പരമാവധി പരിശ്രമിച്ചെന്ന് മുസ്‌ലിംലീഗ് നേതാവ് എം.കെ മുനീര്‍. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലുണ്ടായ ധാരണ ജോസ് വിഭാഗം പാലിച്ചില്ല. മുന്നണി ആവശ്യപ്പെട്ടിട്ടും പ്രസിഡന്റ് സ്ഥാനം രാജിവെച്ചില്ല. ജോസ് വിഭാഗവുമായി ഇനിയും ചര്‍ച്ച തുടരുമെന്നും എം.കെ മുനീര്‍ വ്യക്തമാക്കി.

യു.ഡി.എഫില്‍ തുടരാന്‍ ജോസ് കെ മാണി വിഭാഗത്തിന് അര്‍ഹതയില്ലെന്നാണ് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞത്. കോട്ടയം ജില്ലാപ്രസിഡന്റ് സ്ഥാനം സംബന്ധിച്ച യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനത്തെ ജോസ് കെ മാണി വിഭാഗം അംഗീകരിക്കാന്‍ തയ്യാറായില്ല. യു.ഡി.എഫ് തീരുമാനം അംഗീകരിക്കാത്തവര്‍ മുന്നണിയില്‍ വേണ്ട. യു.ഡി.എഫ് യോഗത്തില്‍ നിന്നും ജോസ് വിഭാഗത്തെ മാറ്റിനിര്‍ത്തിയെന്നും ബെന്നി ബെഹനാന്‍ അറിയിച്ചു.

തീരുമാനത്തെ പി.ജെ ജോസഫ് വിഭാഗം സ്വാഗതം ചെയ്തു. എന്ത് കാരണത്താലാണ് തങ്ങളെ പുറത്താക്കിയതെന്ന് പറയേണ്ടേ എന്നാണ് ജോസ് വിഭാഗത്തിന്റെ ചോദ്യം. ഏറെ ഖേദകരമായ തീരുമാനമാണിത്. നടപടി ഏകപക്ഷീയമാണ്. ജോസഫ് വിഭാഗത്തിന്റെ സമ്മര്‍ദത്തിലാണ് യു.ഡി.എഫിന്റെ തീരുമാനമെന്നും ജോസ് വിഭാഗം പ്രതികരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി സംബന്ധിച്ച് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ധാരണ അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ജോസ് വിഭാഗത്തിന്റെ നിലപാട്. അംഗീകരിക്കാത്ത നിര്‍ദേശത്തെ ധാരണ എന്നു പറയാന്‍ കഴിയില്ല. തങ്ങള്‍ പങ്കാളിയായ ഒരു ഉഭയകക്ഷി ചര്‍ച്ചയിലും പദവി പങ്കുവക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടായിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തൊട്ടു മുമ്പ് യു.ഡി.എഫ് നേതൃത്വം നടത്തിയ ചര്‍ച്ചയില്‍ പ്രസിഡന്റ് പദവി സംബന്ധിച്ച് ജോസഫ് വിഭാഗം മുന്നോട്ടുവച്ച അവകാശവാദങ്ങള്‍ തള്ളിയതാണ്. ഒറ്റ രാത്രികൊണ്ട് കാലുമാറിയ ആള്‍ക്ക് പാരിതോഷികമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി നല്‍കാനാകില്ലെന്നും ജോസ് വിഭാഗം വ്യക്തമാക്കിയിരുന്നു.

SHARE