മതേതര ചേരിയെ ഇടതുപക്ഷം ശിഥിലമാക്കാന്‍ ശ്രമിക്കുന്നു: മുനീര്‍

തിരുവനന്തപുരം: ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കുന്നതിനായുള്ള പോരാട്ടമാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ പറഞ്ഞു. അതിന് എല്ലാ മതേതര ശക്തികളും ഒരുമിച്ച് നിന്ന് രാഹുല്‍ ഗാന്ധിക്ക് പിന്തുണ നല്‍കുകയാണ് വേണ്ടത്. എന്നാല്‍ മതേതര ചേരിയെ ശിഥിലമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷം നടത്തുന്നത്. തങ്ങളുടെ യഥാര്‍ത്ഥ ശത്രു മോദിയും ബി.ജെ.പിയുമായിരുന്നില്ലെന്ന പ്രതീതിയാണ് ഇടതുപക്ഷത്തിന്റെ നിലപാടുകളില്‍ പ്രതിഫലിക്കുന്നതെന്നും മുനീര്‍ പറഞ്ഞു. പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ തിരസ്‌കരിക്കപ്പെട്ടിരുന്ന, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന ജനസമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. കരിനിയമങ്ങള്‍ കൊണ്ട് വേട്ടയാടപ്പെടുന്ന സമൂഹങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍. വിചാരണ കൂടാതെ തടവില്‍ വെക്കുന്നതിനെതിരെ, സിവില്‍ കുറ്റങ്ങള്‍ക്ക് ക്രമിനല്‍ നിയമം ചുമത്തുന്നതിനെതിരെ, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ വ്യക്തമായ ദിശാബോധത്തോടെ പ്രവര്‍ത്തിക്കുമെന്ന സന്ദേശമാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഇന്ത്യക്ക് നല്‍കുന്നത്. ഇന്ത്യയെ വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ആശയങ്ങള്‍ ക്രിയാത്മകമായി ചര്‍ച്ച ചെയ്യുന്നതിന് പകരം ബാലിശമായ വിഷയങ്ങളാണ് ഇടതുപക്ഷം ചര്‍ച്ച ചെയ്യുന്നത്.
ദക്ഷിണേന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനാണ് തന്റെ സ്ഥാനാര്‍ത്ഥിത്തം എന്ന രാഹുലിന്റെ നിലപാടിനെ സ്വാഗതം ചെയ്യുകയായിരുന്നു ഇടതുപക്ഷം ചെയ്യേണ്ടിയിരുന്നതെന്നും മുനീര്‍ പറഞ്ഞു. രാഹുലിനെതിരെ ബി.ജെ.പി നടത്തുന്ന പദപ്രയോഗമാണ് സി.പി.എം മുഖപത്രം ഉപയോഗിച്ചത്. മതേതരത്തവും ജനാധിപത്യവും വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പില്‍ തിരുത്തല്‍ ശക്തിയാകാനാണ് തങ്ങള്‍ മത്സരിക്കുന്നതെന്നാണ് ഇടതുപക്ഷം പറയുന്നത്. എന്നാല്‍ മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകളിലെ ജയമാണ് വേണ്ടത്.
സ്ത്രീ സമത്വത്തിന് വേണ്ടി മതില്‍ സംഘടിപ്പിച്ചവര്‍ സ്ത്രീകളെ അവഹേളിക്കുന്നത്. ആലത്തൂരിലെ വനിതാ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് വളരെ പുച്ഛമായാണ് അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് വേണ്ടി വാചക കസര്‍ത്ത് നടത്തുകയല്ല, അവര്‍ക്ക് വേണ്ടി നിലപാടെടുക്കുകയാണ് ചെയ്യുന്നത്. നിയമസഭയിലും പാര്‍ലമെന്റിലും 33 ശതമാനം സംവരണം നടപ്പാക്കുമെന്ന പ്രഖ്യാപനം സ്ത്രീ സമൂഹം വളരെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. സ്ത്രീകളെ അവഹേളിക്കുന്ന ഇടതുപക്ഷത്തെ സ്ത്രീ സമൂഹം ബഹിഷ്‌കരിക്കുകയാണ് വേണ്ടതെന്നും ചോദ്യത്തിന് മറുപടിയായി മുനീര്‍ പറഞ്ഞു.
മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയ നിലപാടുകള്‍ക്കുമെതിരെ എന്ന പോലെ കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിനും എതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് മുനീര്‍ പറഞ്ഞു.

SHARE