നരേന്ദ്ര മോദിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; എം.കെ മുനീര്‍

കണ്ണൂര്‍: റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ആട്ടിയോടിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. മുന്‍ കാലങ്ങളില്‍ അഭയാര്‍ത്ഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച ഇന്ത്യയുടെ പാരമ്പര്യം കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ യു.ഡി.എഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ കോമാളിയായ പ്രധാന മന്ത്രിയാണ് മോദി. കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ച നരേന്ദ്ര മോദിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണം. മതേതരത്വത്തെ തുടച്ചുനീക്കുന്ന തരത്തിലുള്ള ഭരണമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്നത്.

നരേന്ദ്ര മോദി ഭരണത്തില്‍ വന്നതോടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരുകയാണ്. ഇന്ധന വില വര്‍ധനവിലൂടെ സാധാരണക്കാരന്റെ പാത്രത്തില്‍ കയ്യിട്ടു വാരുന്ന പ്രവൃത്തിയാണ് ചെയ്തത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും മുനീര്‍ നേതൃസംഗമത്തില്‍ പറഞ്ഞു.

മദ്യവും ചൂതാട്ടവും ഇല്ലാത്ത നാടായി കേരളത്തെ മാറ്റിയെടുക്കണം. കേന്ദ്രത്തിലെ ഇ.പി ജയരാജനായി മാറിയ അല്‍ഫോണ്‍സ് കണ്ണന്താനം സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും മന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എ. ഡി മുസ്തഫ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസി വി. കെ അബ്ദുല്‍ ഖാദര്‍ മൗലവി, ഡി. സി. സി പ്രസി സതീശന്‍ പാച്ചേനി, മുന്‍ മന്ത്രി കെ. പി മോഹനന്‍, മുസ്‌ലിംലീഗ് ജില്ലാ പ്രസി പി.കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, വി.എ നാരായണന്‍, പി. രാമകൃഷ്ണന്‍, എ. പി അബ്ദുല്ലക്കുട്ടി, എം. എ കരീം, ഇല്ലിക്കല്‍ അഗസ്തി, സി. എ അജീര്‍, വത്സന്‍ അത്തിക്കല്‍,നാരായണന്‍കുട്ടി, വി വി പുരുഷോത്തമന്‍ സംസാരിച്ചു.

SHARE