വര്‍ഗീയത: ലീഗിനെ വിമര്‍ശിച്ച ബൃന്ദാ കാരാട്ടിന് മറുപടിയുമായി എം.കെ മുനീര്‍

കോഴിക്കോട്: മുസ്‌ലിം ലീഗിന് മേല്‍ വര്‍ഗീയത ആരോപിച്ച സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന് മറുപടിയുമായി പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. യോഗിയില്‍ നിന്ന് ബൃന്ദാ കാരാട്ടിലേക്കുള്ള ദൂരം വളരെ കുറവാണെന്ന് തെളിയിക്കുന്നതാണ് ഈ പ്രസ്താവനയെന്ന് മുനീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബൃന്ദ കാരാട്ട് പറയുന്നത് മുസ്ലിം ലീഗ് ഒരു മതേതര പ്രസ്ഥാനമല്ലെന്നാണ്. ആദിത്യ യോഗിയും ഇതു തന്നെയാണ് പറഞ്ഞത്.യോഗിയിൽ നിന്നും ബൃന്ദ കാരാട്ടിലേക്കുള്ള ദൂരം വളരെ കുറവാണെന്നതിന്റെ തെളിവാണ് ഈ പ്രസ്താവന. യോഗിയുടെ ഭാഷയാണ് ഇപ്പോൾ കേരളത്തിലെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയും സംസാരിച്ചുകൊണ്ടിരിക്കുന്നത്.

ഐക്യ ജനാധിപത്യ മുന്നണി, എസ്ഡിപിഐ പോലുള്ള മതമൗലിക പ്രസ്ഥാനങ്ങളുടെ പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന പ്രചാരണമാണ് ഇപ്പോൾ സി പി എം കേരളത്തിൽ നടത്തി കൊണ്ടിരിക്കുന്നത്. 2006 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൊടിയേരി ബാലകൃഷ്ണന് വേണ്ടി തലശ്ശേരിയിൽ അരയും തലയും മുറുക്കി പ്രവർത്തിച്ചവരാണ് എസ് ഡി പി ഐ.എൻ ഡി എഫ് മുഖപത്രമായ തേജസ്സിലാണ് അന്ന് കൊടിയേരി ബാലകൃഷ്ണനെ വിജയിപ്പിക്കണമെന്ന് പരസ്യം വന്നത്. എൻ ഡി എഫ് മുഖപത്രത്തിൽ എങ്ങനെയാണ് മാർക്സിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന പരസ്യം വരുന്നത്? ശേഷവും നിരവധി ബാന്ധവങ്ങൾ എസ് ഡി പി ഐയുമായി സി പി എമ്മിനുണ്ടായിട്ടുണ്ട്. ഇന്നും പറപ്പൂരിൽ അവർ ഒരുമിച്ചാണ് ഭരിക്കുന്നത്. എന്നാൽ എസ് ഡി പി ഐ യുടെ വോട്ട് വേണ്ടെന്ന് ധൈര്യസമേതം പറഞ്ഞ പാർട്ടി മുസ്ലിം ലീഗ് മാത്രമാണ്. മുസ്ലിം ലീഗിന്റെ പ്രസിഡന്റായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും നേരത്തെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബും ബഷീർ സാഹിബും ഞങ്ങളെല്ലാവരും തന്നെ ആ ഒരു പ്രസ്ഥാനത്തോടെടുത്ത രാഷ്ട്രീയ സമീപനം കേരളം കണ്ടതാണ്.

എന്നാൽ വെൽഫയർ പാർട്ടിയെ കുറിച്ചാണ് പറയുന്നതെങ്കിൽ ഇത്തവണ ഐക്യ ജനാധിപത്യ മുന്നണിയെ പിന്തുണക്കുക എന്നത് അവരുടെ രാഷ്ട്രീയ തീരുമാനമാണ്. വികലമായ നയങ്ങളാൽ നയിക്കപ്പെടുന്ന ഒരു സംസ്ഥാന ഭരണകൂടം, അത് പോലെ ഫാഷിസം അതിന്റെ യഥാർത്ഥ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന കേന്ദ്ര രാഷ്ട്രീയ പരിതസ്ഥിതിയിൽ അത്തരമൊരു രാഷ്ട്രീയ തീരുമാനമെടുക്കാൻ അവർക്കെന്നല്ല, എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. അതവർ നിർവ്വഹിച്ചു.അതല്ലാതെ പിന്തുണയഭ്യർത്ഥിച്ച് യു ഡി എഫ് പിറകെ പോയതോ അല്ലെങ്കിൽ മുന്നണിക്കകത്തേക്ക് വെൽഫയർ പാർട്ടിയെ ഉൾപ്പെടുത്തിയതോ അല്ലല്ലോ. എന്നാൽ കഴിഞ്ഞ കാലങ്ങളിലൊക്കെയും വെൽഫയർ പിന്തുണച്ചത് എൽഡിഎഫിനെയായിരുന്നു.അന്ന് പരസ്യ പിന്തുണ എൽ ഡി എഫിന് നൽകിയപ്പോൾ മാർക്സിസ്റ്റു പാർട്ടിയും അതിന്റെ നേതാക്കളും എന്ത് കൊണ്ട് വെൽഫയറിനെതിരെ സംസാരിച്ചില്ല. അപ്പോൾ എൽ ഡി എഫിനെ പിന്തുണച്ചാൽ എല്ലാവരും മതേതരർ, ഐക്യജനാധിപത്യ മുന്നണിയെ പിന്തുണച്ചാൽ അത് മൗലികവാദവുമാകുന്നു. ഇതിന്റെ പിറകിലെ ലോജിക്ക് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല.

SHARE