കോഴിക്കോട്: കേരളത്തിലെ യുവജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് എം.കെ മുനീര്‍ എം.എല്‍.എ. അടിസ്ഥാന യോഗ്യതയില്ലാത്തവരെ സുപ്രധാന തസ്തികകളില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ
കേരളത്തിലെ യുവജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്!
എത്രയോ ചെറുപ്പക്കാര്‍ നേരിട്ടും, ഫോണ്‍ വഴിയും, മെയില്‍ വഴിയും അവരുടെ തൊഴില്‍ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനുള്ള നടപടികള്‍ക്കായി ബന്ധപ്പെടുന്നു.ചെറുപ്പക്കാരുടെ ദൈന്യതയുടെ മുഖമാണ് അവരില്‍ ഓരോരുത്തരിലും കാണുന്നത്.
സര്‍ക്കാര്‍ ജോലി എന്ന ആഗ്രഹവുമായി നിരന്തരമായ കഠിനാധ്വാനത്തിലൂടെ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ കടന്നു കൂടിയിട്ടും തൊഴില്‍ എന്നത് ഒരു മരീചികയായി തുടരുന്നു.
യുവാക്കള്‍ക്ക് ഏറ്റവുമധികം തൊഴില്‍ ലഭിക്കുന്ന ഒരു തസ്തികയാണ് പോലീസ് വകുപ്പിലെ സിവില്‍ പോലീസ് ഓഫീസര്‍.പരീക്ഷയില്‍ കൃത്രിമം കാട്ടി യൂണിവേഴ്സിറ്റി കോളേജിലെ ഗുണ്ടകള്‍ക്ക് വരെ റാങ്ക്നല്കി ലിസ്റ്റ് അട്ടിമറിക്കാന്‍ നേതൃത്വം നല്‍കുക വഴി ഏറ്റവും കുറഞ്ഞ ആളുകളാണ് നിലവില്‍ സി.പി.ഒമാരായി നിയമിക്കപ്പെട്ടത്.
എക്സൈസ്, എല്‍.ഡി ക്ലര്‍ക്ക്, ഫാര്‍മസിസ്റ്റ് എന്നിങ്ങനെ നിയമനം കിട്ടാത്ത തൊഴില്‍ അന്വേഷകരുടെ പ്രതിഷേധ കൊടുങ്കാറ്റില്‍ ഈ സര്‍ക്കാര്‍ ആടിയുലയുക തന്നെ ചെയ്യും.ഒരുവശത്ത് യുവജനങ്ങളെ കണ്ണീര്‍ക്കയത്തില്‍ നിര്‍ത്തിയിട്ട് കേരളത്തിലെ സ്വയംഭരണ സ്ഥാപനങ്ങളിലും പൊതുമേഖല സ്ഥാപനങ്ങളിലും അയോഗ്യരായവരെ തിരുകിക്കയറ്റുന്ന സര്‍ക്കാര്‍ നടപടിക്ക് എതിരെ പ്രതിപക്ഷ ശബ്ദം ഉയരുകയാണ്.
അടിസ്ഥാന യോഗ്യത പോലും ഇല്ലാത്തവരെ സുപ്രധാന തസ്തികകളില്‍ നിയമിക്കുന്നതിന് കൂട്ടുനില്‍ക്കുകയാണ് ഗവണ്മെന്റ്.സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ സാധാരണ ജീവനക്കാരുടെ ശമ്പളമടക്കം പിടിച്ചു പറിക്കുമ്പോള്‍ ലക്ഷങ്ങള്‍ ശമ്പളം നല്കി സുപ്രധാന തസ്തികകളില്‍ ക്രിമിനലുകളെ അരിയിട്ട് വാഴിക്കുകയാണിവര്.ഈ നെറികെട്ട ഭരണസംവിധാനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം ഉയര്‍ത്തിയില്ലെങ്കില്‍ അത് ഒരു തലമുറയോട് ചെയ്യുന്ന അപരാധമായി പോകും.
കിലയില്‍, സിഡിറ്റില്‍ എന്നു വേണ്ട സെക്രട്ടറിയേറ്റില്‍ പോലും കരാര്‍ നിയമനങ്ങള്‍ നല്കിയതും കരാറുകാരെ സ്ഥിരപ്പെടുത്തല്‍ നടത്തുന്നതും അംഗീകരിക്കാന്‍ കഴിയില്ല. വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ തൊഴിലിനു വേണ്ടി പി.എസ്.സി ഓഫീസിനു മുന്നില്‍ ക്യു നില്ക്കുമ്പോള് സ്വപ്നമാര്‍ക്ക് നാളിതു വരെ നല്കിയ അനധികൃത നിയമനങ്ങള്‍ക്ക് മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത് ;
രാത്രികളെ പകലുകളാക്കി പഠിച്ചു റാങ്ക് ലിസ്റ്റില്‍ വന്നിട്ട് പോലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാത്ത ഈ സര്‍ക്കാരിന്റെ അന്ത്യം ചെറുപ്പക്കാരുടെ കണ്ണില്‍ നിന്ന് അടര്‍ന്നു വീഴുന്ന ചുടുകണ്ണീരില്‍ ആയിരിക്കും!!