ഡ്രീം കേരള, സ്വപ്‌ന കേരളമായി തീര്‍ന്ന അടിയന്തിര സാഹചര്യമാണ് ഇപ്പോഴുള്ളത്; എം.കെ മുനീര്‍

കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജിന്റെ മറവില്‍ നടത്തിയ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍. ‘ഡ്രീം കേരള ‘എന്ന പ്രവാസി പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ ഇത്രയും സ്വര്‍ണ്ണം പ്രവാസ നാട്ടില്‍ നിന്ന് കടത്തി കൊണ്ടു വരുമെന്ന് നാം സ്വപ്നത്തില്‍ പോലും കരുതിയതല്ല. പ്രതിപക്ഷവും ഇക്കാലമത്രയും കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങളേയും പരിഹസിക്കുകയും അപമാനിച്ച് ചിരിക്കുകയും ചെയ്തിരുന്ന മുഖ്യമന്ത്രി ഇവിടെയും പരിഹാസവും പുച്ഛവും കാണിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡ്രീം കേരള, സ്വപ്ന കേരളമായി തീര്‍ന്ന അടിയന്തിര സാഹചര്യമാണല്ലോ ഇപ്പോഴത്തേത്;

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായി സംശയിക്കുന്ന വ്യക്തിയെ സംസ്ഥാന ഐടി വകുപ്പിലെ കരാര്‍ ജീവനക്കാരി ആക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതല കൂടി വഹിക്കുന്ന ഐടി വകുപ്പ് സെക്രട്ടറിയാണ്. അസാധാരണ കാലത്ത് അസാധാരണ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വൈദഗ്ധ്യമുള്ള ചില ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകളാണ് ഈ കേസിലൂടെ പുറത്തുവരുന്നത്;

ഐടി വകുപ്പിലെ നിയമനങ്ങള്‍ അറിയാത്ത ഐടി വകുപ്പ് മന്ത്രിയാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (OSD) കൂടിയായ ഐടി വകുപ്പ് സെക്രട്ടറിയുടെ സ്‌പെഷ്യല്‍ ഡ്യൂട്ടി എന്താണെന്ന് കേരളം ഞെട്ടലോടെയാണ് കേട്ടുകൊണ്ടിരിക്കുന്നത്;

സിപിഎം എംഎല്‍എമാര്‍ക്ക് പോലും മുഖ്യമന്ത്രിയുടെ ദര്‍ശനം കിട്ടാന്‍ അസാധാരണ നിയന്ത്രണങ്ങളുണ്ടായിരുന്ന, ഇരുമ്പ് മറയായിരുന്നു പിണറായി വിജയന്റെ ഓഫിസ്സ്. അവിടെ യഥേഷ്ടം വിഹരിക്കാന്‍, ഐടി വകുപ്പിലെ പ്രസ്തുത പോസ്റ്റിലിരിക്കാന്‍ യോഗ്യത പോലുമില്ലാത്ത ഒരു കള്ളക്കടത്തുകാരിക്ക് നിഷ്പ്രയാസം സാധിക്കുന്നു. പ്രവാസികളുടെ ലോക കേരളസഭ പോലും തട്ടിപ്പിനുള്ള വേദിയാക്കി ഭരണകൂട ഒത്താശയോടെ ഇവരൊക്കെയും ദുരുപയോഗം ചെയ്തിരിക്കുന്നു.

സ്പ്രിങ്ക്‌ലറില്‍ ആരോപണവിധേയനായപ്പോഴും സ്വന്തം യജമാനനെ രക്ഷിക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ തോറും കയറി ഇറങ്ങിയ വിവാദ ഐടി സെക്രട്ടറിയെ മലയാളി മറന്നിട്ടില്ല. ഇനി കള്ളക്കടത്തിനെ ന്യായീകരിക്കാന്‍ എന്ത് വിചിത്ര വാഗ്‌ധോരണികളാവും ഉണ്ടാവുകയെന്ന് വരും ദിവസങ്ങളില്‍ അറിയാം. സംരക്ഷിക്കാനുള്ള എല്ലാ വഴികളും അടഞ്ഞപ്പോള്‍ മാത്രമാണ് ഗത്യന്തരമില്ലാതെ ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറായത്. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്, സ്പ്രിംഗ്‌ളറും ഇ മൊബിലിറ്റി കമ്പനി കരാറുമായൊക്കെയുള്ള അഴിമതി ബാന്ധവങ്ങളുടെ ചെറിയ അഗ്രം മാത്രമാണ്.ഇതിന് തടയിടാന്‍ ഒന്നോ രണ്ടോ ഉദ്യോഗസ്ഥരുടെ സ്ഥാനചലനം കൊണ്ട് സാധിക്കുമെന്നായിരിക്കണം മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത്.!

കോവിഡിന്റെ മറവില്‍ പോലും മൂന്നുപ്രാവശ്യമടക്കം എട്ട് തവണയാണ് സ്വര്‍ണ്ണം കടത്തിയിരിക്കുന്നത്.ഡിപ്ലോമാറ്റിക് ബാഗേജിന്റെ മറവില്‍ നടത്തിയിരിക്കുന്ന ഈ വന്‍കൊള്ള ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ പോലും ബാധിക്കുന്നതാണ്. ഐടി വകുപ്പിന്റെ കഴിഞ്ഞ നാലു വര്‍ഷത്തെ മുഴുവന്‍ കരാറുകളും നിയമനങ്ങളും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം. ‘ഡ്രീം കേരള ‘എന്ന പ്രവാസി പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ ഇത്രയും സ്വര്‍ണ്ണം പ്രവാസ നാട്ടില്‍ നിന്ന് കടത്തി കൊണ്ടു വരുമെന്ന് നാം സ്വപ്നത്തില്‍ പോലും കരുതിയതല്ല.

പ്രതിപക്ഷ നേതാവും പ്രതിപക്ഷവും ഇക്കാലമത്രയും കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങളേയും പരിഹസിക്കുകയും അപമാനിച്ച് ചിരിക്കുകയും ചെയ്തിരുന്ന മുഖ്യമന്ത്രി ഇവിടെയും പരിഹാസവും പുച്ഛവും കാണിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.!

SHARE