ഡല്‍ഹിയില്‍ ഒറ്റപ്പെട്ട മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ സംവിധാനമൊരുക്കുന്നില്ല; സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എം.കെ മുനീര്‍

ഡോ.എം.കെ മുനീറിന്റെ കുറിപ്പ് വായിക്കാം:

ആ വിദ്യാര്‍ഥികള്‍ നമ്മുടെ അഭിമാനങ്ങളാണ്.സ്വന്തം നാടിനെ കുറിച്ചുള്ള സഹിഷ്ണുതയുടേയും പാരസ്പര്യത്തിന്റേയും പൂര്‍വ്വ ചരിത്രം ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് മുമ്പില്‍ അഭിമാനത്തോടെ അവതരിപ്പിച്ചിരുന്ന നമ്മുടെ കുട്ടികള്‍.സിഎഎ/എന്‍ ആര്‍ സി കാലത്ത് സമരാഗ്‌നി തീര്‍ത്തവര്‍.അവരാണിന്ന് സ്വദേശത്തേക്ക് മടങ്ങിയെത്താനാവാതെ ഈ ബഹുവ്യാപ്തി രോഗ കാലത്ത് പ്രതിസന്ധിയുടെ ഇരകളായി തീര്‍ന്നിരിക്കുന്നത്.

ലേഡീസ് ഹോസ്റ്റലുള്‍പ്പെടെ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ച് അതത്രയും ക്വാറന്റെയ്ന്‍ സെന്ററുകളാക്കുന്ന പക്രിയയില്‍ തെരുവിലേക്കിറങ്ങേണ്ടി വന്നത് പെണ്‍കുട്ടികളടക്കമുള്ള എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ക്കാണ്.സംസ്ഥാന ഗവണ്‍മെന്റും കേരള ഹൗസും ഇക്കാര്യത്തില്‍ നടത്തിയ അങ്ങേയറ്റം മനുഷ്യത്വ രഹിതവും നിഷേധാത്മകവുമായ നീക്കങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ പറയുന്നു. ‘തങ്ങളെ നാട്ടിലെത്തിക്കാനുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസിനാവശ്യമായ പണം തങ്ങള്‍ തന്നെ സ്വരൂപിച്ചു നല്‍കാമെന്ന് വിദ്യാര്‍ത്ഥികള്‍ യാചിച്ചു പറഞ്ഞിട്ടും അതിനെ നിരസിക്കുന്ന സമീപനമാണ് അവര്‍ സ്വീകരിച്ചതെന്നാണ്.

വിജയസാദ്ധ്യത ഒട്ടുമില്ലാത്ത ആത്മഹത്യാപരമായ സമര-സാഹസം ചെയ്യാന്‍ മാത്രം ഈ പാന്‍ഡമിക് പ്രസരണ കാലത്ത് സ്വന്തം വിദ്യാര്‍ത്ഥികളെ അഭയാര്‍ത്ഥികളാക്കി മാറ്റിയതിന്റെ ഉത്തരവാദിത്വം തീര്‍ച്ചയായും സംസ്ഥാന ഗവണ്‍മെന്റിനാണ്.

മാസങ്ങള്‍ക്കപ്പുറത്താണ്, കേരള മോഡല്‍ വിദ്യാഭ്യാസത്തെ കുറിക്കുന്ന നമ്പര്‍ വണ്‍ ദൃശ്യരൂപങ്ങള്‍ ദില്ലിയിലെ മീഡിയകളില്‍ കോടികള്‍ നികുതി പണം ഉപയോഗിച്ച് ഇടതുപക്ഷ ഗവണ്‍മെന്റ് പരസ്യം ചെയ്തത്.എന്നാല്‍ ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് സൂക്ഷ്മതലത്തില്‍ ഗവണ്‍മെന്റ് അഭിസംബോധന ചെയ്യേണ്ട, അതേ രാജ്യ തലസ്ഥാനത്തെ സ്വന്തം വിദ്യാര്‍ത്ഥി പ്രശ്‌നത്തെ ഭീകരമായ നിഷേധാത്മകതയും നിസ്സംഗതയും കൊണ്ട് ഗവണ്മെന്റ് പ്രതിസന്ധിയിലാക്കിയത്.

അനിശ്ചിതത്വത്തിന്റെയും മാനസ്സിക പീഡകളുടേയും മധ്യത്തിലാണ് ഇത്രയും കാലം ദില്ലിയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞുകൂടിയത്. ഇനിയും ദീര്‍ഘകാലം അത് തുടരേണ്ടി വരുമോ എന്ന ഭയത്തിലാണവര്‍.

ദില്ലിയിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പ്രത്യേക ട്രെയിന്‍ ആരംഭിക്കുമെന്നത് സംസ്ഥാന ഗവണ്‍മെന്റിന്റെ വാഗ്ദാനമായിരുന്നു.നോര്‍ക്കയില്‍ വിദ്യാര്‍ത്ഥികളോട് അതിനായി രജിസ്റ്റര്‍ ചെയ്യാന്‍ പറയുകയും ചെയ്തു. പക്ഷേ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ ക്ഷേമാന്വേഷണത്തിന് പോലും ഇതുവരെ സംസ്ഥാന ഗവണ്‍മെന്റ് തയ്യാറായിരുന്നില്ല. എന്നാല്‍ വലിയ ചാര്‍ജ്ജ് ഈടാക്കി ഇപ്പോള്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിച്ചിരിക്കുന്നു. ഈ ഘട്ടത്തില്‍ ഒരു പൂര്‍ണ്ണ ട്രെയിന്‍ വിദ്യാര്‍ത്ഥികള്‍ക്കായി റിസര്‍വ് ചെയ്ത്, വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുക എന്നത് സ്റ്റേറ്റ് ഗവണ്‍മെന്റിനെ സംബന്ധിച്ച് റെയില്‍വേയുമായി ഒരു ചര്‍ച്ചയിലൂടെ മാത്രം പരിഹരിക്കാവുന്ന പ്രശ്‌നമായിരുന്നു.എന്നാല്‍ ദില്ലിയില്‍ പടര്‍ന്നു പിടിക്കുന്ന കോവിഡ് പശ്ചാതലത്തില്‍ പോലും ഭയാനകമായ മൗനമാണ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ എടുത്ത സമീപനം.

ഇവ്വിധം ഗവണ്‍മെന്റിന്റെ കുറ്റകരമായ അവഗണന കൊണ്ട് പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അവശേഷിക്കുന്ന ആരോഗ്യവും വെച്ച് സ്വന്തം നാട്ടിലേക്ക് കാല്‍നടയായി യാത്ര ചെയ്യാനുള്ള തീരുമാനം പോലുമെടുത്തിരിക്കുന്നു. അങ്ങനെ സംഭവിച്ചാലും അതിര്‍ത്തിയില്‍ നിന്നുമവരെ തിരിച്ചോടിക്കാന്‍ നമ്മുടെ പോലീസുണ്ടാകും. ദല്‍ഹിയില്‍ അപ്പോഴും സംസ്ഥാന ജനതയുടെ ക്ഷേമത്തിനായി കോടികള്‍ പൊടിച്ച് നിയോഗിക്കപ്പെട്ട ഗവണ്‍മെന്റ് പ്രതിനിധികളുമുണ്ടാവും.

ഗവണ്മെന്റ് ഇക്കാര്യത്തില്‍ ഇനിയെങ്കിലും അമാന്തമരുത്.എത്രയും വേഗം നമ്മുടെ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള സത്വര നടപടികള്‍ കൈക്കൊള്ളണം.അല്ലാത്ത പക്ഷം അവര്‍ക്കു വേണ്ടി ഒരേ മനസ്സോടെ രംഗത്തിറങ്ങാന്‍ കേരളം പ്രതിജ്ഞാബദ്ധമാകും.