ഗവര്‍ണര്‍ സ്ഥാനത്തുനിന്നും കുമ്മനം രാജശേഖരനെ നീക്കണം; രാഷ്ട്രപതിക്ക് കത്ത്

ഐസോള്‍: മിസോറാം ഗവര്‍ണര്‍ സ്ഥാനത്തുനിന്നും കുമ്മനം രാജശേഖരനെ നീക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്. സംസ്ഥാനത്തെ പുതിയ പാര്‍ട്ടിയായ പ്രിസം പാര്‍ട്ടിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചിരിക്കുന്നത്. കുമ്മനത്തിന്റെ പിന്‍കാല ചരിത്രം ഗവര്‍ണര്‍ക്ക് യോജിച്ചതല്ലെന്നും ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിയമനം രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണെന്നും ആരോപിച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് അമ്പതിനായിരത്തിലധികം പേര്‍ ഒപ്പുവെച്ച കത്ത് മിസോറാമില്‍ നിന്നും അയച്ചതെന്നും പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു.

കുമ്മനം രാജശേഖരന്റെ നിയമനത്തിന്റെ സ്വാഭാവവും അദ്ദേഹത്തിന്റെ മുന്‍കാല രാഷ്ട്രീയ ചരിത്രവും നോക്കിയാല്‍ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത് ഭരണഘടനയുടെ മഹത്വത്തിന് എതിരാണെന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച കത്തില്‍ പ്രിസം പ്രധാനമായും ആരോപിക്കുന്നത്.

മിസോറാം തെരഞ്ഞെടുപ്പ് ഈവര്‍ഷം നടക്കാനിരിക്കെ, കുമ്മനം രാജശേഖരനെ സംസ്ഥാനത്തിന്റെ ഗവര്‍ണറായി നിയമിച്ചതില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന സംശയമുണ്ട്. ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ഒരാഴ്ച മുമ്പുവരെ അദ്ദേഹം കേരളത്തിലെ ബി.ജെ.പി അധ്യക്ഷനും സജീവ പ്രവര്‍ത്തകനുമായിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായ വോട്ടെടുപ്പ് നടക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് വിശ്വസിക്കുന്നു, പ്രിസം പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു വ്യക്തമാക്കി.

കഴിഞ്ഞ മെയ് 29നാണ് മിസോറാമിന്റെ 18-ാമത് ഗവര്‍ണറായി കുമ്മനം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമില്‍ കുമ്മനത്തിന്റെ നിയമത്തിനെതിരെ ചില സംഘടനകള്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ ബി.ജെ.പിക്കായ് സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കവെയാണ് അപ്രതീക്ഷിതമായി കുമ്മനത്തെ തേടി ഗവര്‍ണര്‍ പദവിയെത്തുന്നത്.