‘ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെ’; അഭിമുഖം വളച്ചൊടിച്ചെന്ന് നടി മിയ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താന്‍ നടത്തിയെന്ന് പറയുന്ന പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചുവെന്ന് നടി മിയ. താന്‍ ഒരു ഓണ്‍ലൈനിന് നല്‍കിയ അഭിമുഖം മറ്റൊരു ഓണ്‍ലൈന്‍ വളച്ചൊടിച്ച് നല്‍കുകയായിരുന്നുവെന്ന് മിയ പറഞ്ഞു. സിനിമാമേഖലയിലെ ചൂഷണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കുണ്ടായിട്ടില്ലെന്ന് പറഞ്ഞത് നടി ആക്രമിക്കപ്പെട്ടതിനെക്കുറിച്ചായിരുന്നില്ല. അക്രമത്തിന് ഇരയായ ആള്‍ക്കൊപ്പമാണ് താനെന്നും നിലനില്‍ക്കുന്നതെന്നും മിയ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എല്ലാവര്‍ക്കും നമസ്‌ക്കാരം,
കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന ന്യൂസ് എന്റെ ശ്രദ്ധയില്‍പെട്ടതിനു ശേഷമാണു ഇങ്ങനൊരു പോസ്റ്റ് വേണം എന്നെനിക് തോന്നിയത്. എന്റെയും മറ്റു ചില നടിമാരുടെയും പേരുകള്‍ ചേര്‍ത്തായിരുന്നു ആ വാര്‍ത്ത. കുറച്ചു നാളു മുന്‍പ് ഞാന്‍ മറ്റൊരു ന്യൂസ് പോര്‍ട്ടലിനു കൊടുത്ത അഭിമുഖത്തില്‍ നിന്നും ചില ഭാഗങ്ങള്‍ പകര്‍ത്തി ആണ് ആ വാര്‍ത്ത തയ്യാറാക്കിയിരിക്കുന്നത്. കൂടുതല്‍ വ്യക്തത കിട്ടാനായി ഞാന്‍ നല്‍കിയ യഥാര്‍ത്ഥ അഭിമുഖം പ്രസിദ്ധീകരിച്ച ന്യൂസ് പോര്‍ട്ടലിനെ ഒന്നാം അഭിമുഖം എന്നും തെറ്റായി പകര്‍ത്തിച്ചു എഴുതിയ ന്യൂസ് പോര്‍ട്ടലിനെ രണ്ടാം ന്യൂസ് പോര്‍ട്ടലെന്നും എഴുതാം. മലയാള സിനിമയിലെ ചിലര്‍ നേരിട്ട ചൂഷണങ്ങളെപ്പറ്റിയുള്ള വെളിപ്പെടുത്തലിനെ അനുബന്ധിച്ചു ചോദിച്ച ചോദ്യത്തിന് ഞാന്‍ നല്‍കിയ മറുപടി നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധിപ്പിച്ചാണ് രണ്ടാം ന്യൂസ് പോര്‍ട്ടലില്‍ വന്നത്. ചൂഷണങ്ങളെ പറ്റിയുള്ള ചോദ്യത്തിന് ഞാന്‍ നല്‍കിയ മറുപടി ‘എനിക്ക് ഇതുവരെ അത്തരം ഒരു അനുഭവം ഒരു ഇന്‍ഡസ്ട്രിയില്‍ നിന്നും ഉണ്ടായിട്ടില്ല നമ്മള്‍ നെഗറ്റീവ് രീതിയില്‍ പോവില്ല എന്ന ഇമേജ് ഉണ്ടാക്കിയാല്‍ ഇത്തരം ചൂഷണ അനുഭവം ഉണ്ടാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു’ എന്നായിരുന്നു. എന്നാല്‍ എന്റെ ഈ ഉത്തരം നടി ആക്രമിക്കപ്പെട്ട സംഭവത്തെ ആസ്പദമാക്കി ആണ് രണ്ടാമത്തെ ന്യൂസ് പോര്‍ട്ടലില്‍ വന്നത്. അത് അവതരിപ്പിച്ച രീതി വായിച്ചാല്‍ അക്രമം നേരിട്ടവരുടെ സ്വഭാവദൂഷ്യം കാരണമാണ് അത് സംഭവിച്ചത് എന്ന ധ്വനിയാണ് വായിക്കുന്നവര്‍ക് ലഭിക്കുക. ധ്വനി മാത്രമല്ല, മിയ അങ്ങനെ പറഞ്ഞു എന്ന് വളരെ കോണ്‍ഫിഡന്റ് ആയി എഴുതിയിരിക്കുകയാണ് എഴുത്തുകാരന്‍. തികച്ചും വസ്തുതാരഹിതമായ ഒന്നാണ് അത്. ചൂഷണത്തെപ്പറ്റി പറഞ്ഞ ഉത്തരം അക്രമത്തെകുറിച്ചു പറഞ്ഞ ഉത്തരമാക്കി ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണ്. ചൂഷണവും ആക്രമവും രണ്ടാണ് എന്ന പൂര്‍ണ്ണ ബോധ്യം എനിക്കുണ്ട്. അത് മാത്രമല്ല ഏതൊരു സാഹചര്യത്തിലും ന്യായത്തിന്റെ ഭാഗത്ത് നില്‍ക്കുന്ന എന്റെ പൂര്‍ണ്ണ പിന്തുണ അക്രമം നേരിട്ട വ്യക്തിക്കാണെന്നു ഒരിക്കല്‍ കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എന്റെ അടുത്തു അഭിമുഖത്തിനായി സമീപിക്കുന്ന ആരോടും അവരുടെ വലിപ്പചെറുപ്പം നോക്കാതെ ഴലിൗശില ആയി അഭിമുഖം നല്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്. എന്നാല്‍ എന്റെ ഈ ശ്രമത്തിനു ശേഷവും എന്റെ പ്രസ്താവനകള്‍ തെറ്റായി വ്യാഖ്യാനിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിലുള്ള വിഷമത്തിലാണ് ഈ പോസ്റ്റ്. മാധ്യമങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു, എന്നാല്‍ വസ്തുതകളെ വളച്ചൊടിക്കുന്ന ന്യൂനപക്ഷ മാധ്യമങ്ങളും ഇവിടെ ഉണ്ടെന്ന സത്യം എന്നോടൊപ്പം ജനങ്ങളും മനസിലാക്കുക. ഞാന്‍ നല്‍കിയ അഭിമുഖങ്ങള്‍ അതേപടി പ്രസിദ്ധീകരിച്ച മറ്റു മാധ്യമങ്ങള്‍ക് ഞാന്‍ നന്ദി പറയുന്നു. ഞാന്‍ നല്‍കിയ യഥാര്‍ത്ഥ അഭിമുഖത്തിന്റെ പ്രസക്തത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഒരുപാട് സ്‌നേഹത്തോടെ,
മിയ