ഹാദിയ വിഷയവും കൊണ്ടിപ്പറമ്പിലെ മിശ്രവിവാഹവും സമാനമല്ല

മതംമാറ്റത്തിന്റെ പേരില്‍ വീട്ടു തടങ്കിലാക്കപ്പെട്ട ഹാദിയ സംഭവത്തെ മലപ്പുറത്തെ മിശ്രവിവാഹവുമായി താരതമ്യം ചെയ്യുന്നവര്‍ക്ക് മറുപടിയായി യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
നജീബ് കാന്തപുരം

ഹാദിയ വിഷയവും കൊണ്ടിപ്പറമ്പിലെ മിശ്രവിവാഹവും സമാനമല്ല

നാട്ടിലെ കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു ക്ലബ്ബിന് സാമാന്യമായ ചില നിയമങ്ങളുണ്ട്. ആ നിയമാവലി പാലിച്ചില്ലെങ്കില്‍ ക്ലബ്ബില്‍ നിന്ന് അംഗങ്ങളെ പുറത്താക്കും. ക്ലബ്ബില്‍ നിന്ന് പുറത്താക്കുന്നതായി നോട്ടീസ് കൊടുത്തതിന്റെ പേരില്‍ ഒരാളും സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടിട്ടില്ല. മതപരമായി ചിന്തിച്ചാല്‍ വിശ്വാസപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു സംഘടനാ സംവിധാനം മാത്രമാണ് മഹല്ലു കമ്മിറ്റി. നിരവധി കാരണങ്ങളാല്‍ പല മഹല്ലു കമ്മിറ്റികളില്‍ നിന്നും നീക്കം ചെയ്യപ്പെട്ട നൂറുകണക്കിനാളുകള്‍ ഇപ്പോഴും അതേ നാട്ടില്‍ സന്തോഷത്തോടെ ജീവിക്കുന്നുണ്ട്. ഊരു വിലക്കെന്നാല്‍ കുറ്റിയാടിയിലെ വിനീതാ കോട്ടായിക്കു നേരെ സി.പി.എം കാണിച്ച ഉപരോധമാണ്. തേങ്ങ പറിക്കാന്‍ പോലും അനുവദിക്കാതെ ഒരു കുടുംബത്തെ പട്ടിണിക്കിട്ട് കൊല്ലാക്കൊല ചെയ്ത ഉപരോധം. അത് സി.പി.എം ചെയ്താലും മഹല്ല് കമ്മിറ്റി ചെയ്താലും ചെറുക്കേണ്ടതും പ്രതിരോധിക്കേണ്ടതുമാണ്.
ഇനി വിഷയത്തിലേക്ക് വരാം.
ഹാദിയ വിഷയവും കൊണ്ടിപ്പറമ്പിലെ മിശ്ര വിവാഹവും സമാനമാണെന്നും ഇതില്‍ യൂത്ത് ലീഗ് ഇരട്ടത്താപ്പാണ് കൈക്കൊള്ളുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ചില സുഹൃത്തുക്കള്‍ ആരോപണമുയര്‍ത്തുകയുണ്ടായി.ചിലരാകട്ടെ മഹല്ല് കമ്മിറ്റി കൈക്കൊണ്ട തീരുമാനത്തെ അതിശയോക്തിപരമായി അവതരിപ്പിച്ച് തങ്ങളുടെ മനൊനിലക്കനുസരിച്ച് കഥകള്‍ മെനഞ്ഞും തുടങ്ങി.ഒരു ജനാധിപത്യ മതേതര രാജ്യത്ത് ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വിശ്വാസ സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങിടുന്നതും ഒരു പ്രദേശത്തെ മത വിശ്വാസികളുടെ വിശ്വാസപരമായ വ്യവഹാരങ്ങളില്‍ അഭിപ്രായം പറയുന്നതും എങ്ങിനെയാണ് സമാനമാവുക. ഒരു പ്രദേശത്ത് മത വിശ്വാസത്തിന് യോജിക്കാത്ത തരത്തില്‍ മിശ്ര വിവാഹം നടന്നപ്പോള്‍ മഹല്ലിലെ അവരുടെ അംഗത്വത്തില്‍ നിന്ന് നീക്കി ഒരു നോട്ടീസ് കൊടുത്തത് ഒരു നാട്ട് നടപ്പിനപ്പുറം ഒരല്‍ഭുതവുമല്ല. അതേ സമയം ആ കുടുംബത്തിന്റെ വിവാഹ ചടങ്ങുകള്‍ തടസപ്പെടുത്തുകയോ അവരെ അധിക്ഷേപിക്കുകയോ അവര്‍ക്ക് മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ എന്തെങ്കിലും നടപടി ഉണ്ടാവുകയോ ചെയ്തിരുന്നെങ്കില്‍ രണ്ട് വിഷയങ്ങളെയും സാമാന്യ വല്‍ക്കരിക്കുന്നതിലെ യുക്തി മനസിലാക്കാമായിരുന്നു. ഹാദിയ വിഷയത്തില്‍ തികഞ്ഞ നിയമ ലംഘനമാണ് നടക്കുന്നത്. പ്രായപൂര്‍ത്തിയായ ഒരു വ്യക്തി തന്റെ സ്വതന്ത്രമായ അന്വേഷണത്തിനൊടുവില്‍ ഒരു വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ മാസങ്ങളായി ഹാദിയ നേരിടുന്നത് വ്യക്തി എന്ന നിലയിലുള്ള തന്റെ സകല മൗലികാവകാശങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണമാണ്.ആ പെണ്‍കുട്ടിയുടെ ജീവന്‍ പോലും അപകടത്തിലാണെന്ന വ്യാകുലതയാണ് ഏറ്റവുമൊടുവില്‍ കേള്‍ക്കുന്നത്. അവള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യമില്ല, സുഹൃത്തുക്കളെ പോലും ആണാന്‍ അനുവാദമില്ല. തന്റെ സങ്കടങ്ങള്‍ പോലും പങ്കുവെക്കാന്‍ കഴിയാതെ വീട്ട് തടങ്കലിലാണ്.എന്നാല്‍ മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ ആ കുടുംബം അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടതായി ആരോപണമുയര്‍ത്തിയിട്ടില്ല.അവര്‍. ആക്രമിക്കപ്പെടുകയോ കയ്യേറ്റം ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല.അങ്ങിനെ ആക്ഷേപിക്കപ്പെട്ടാല്‍ അത് മുഖവിലക്കെടുക്കേണ്ടതുമാണ്. ഇതുവരെയും അങ്ങിനെ ഉണ്ടായതായി അറിവില്ല. മഹല്ല് കമ്മിറ്റിയെന്നാല്‍ നാട്ട് കോടതിയോ പോലീസിംഗോ അല്ല. ആ കമ്മിറ്റിക്ക് കീഴിലുള്ള വിശ്വാസികളുടെ മതപരമായ കാര്യങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന ഒരു ഏജന്‍സി മാത്രമാണ്. അവരുടെ അഭിപ്രായം വിശ്വാസികള്‍ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ഏത് മത സമൂഹത്തിനിടയിലും നടക്കുന്ന കേവലമൊരു നാട്ടാചാരത്തെ ഇത്ര വലിയൊരു മനുഷ്യാവകാശ വിഷയമായി അവതരിപ്പിക്കപ്പെടുന്നത് തന്നെ അതിശയോക്തിപരമാണ്.
മാത്രവുമല്ല ഏതെങ്കിലും തരത്തില്‍ ഈ കുടുംബം കായികമായോ മാനസികമായോ കയ്യേറ്റം ചെയ്യപ്പെടുകയാണെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ആ മഹല്ല് നേതാക്കള്‍ തന്നെ രംഗത്തുണ്ടാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഭരണ കൂടവും നിയമ സംവിധാനവും ഒരു വ്യക്തിയുടെ മൗലികാവകാശങ്ങള്‍ക്ക് നേരെ വാളോങ്ങുന്നതും ഒരു പള്ളിക്കമ്മിറ്റി നാട്ടുകാര്‍ക്ക് മുമ്പില്‍ ഒരു നോട്ടീസിറക്കുന്നതും സമാനമാണെന്ന് കരുതുന്നത് വങ്കത്തമല്ലാതെ മറ്റൊന്നുമല്ല.

SHARE