ഫലം വരാറായി; കാണാനില്ലാതെ ആ 61 പ്ലസ് ടു ഉത്തരക്കടലാസുകള്‍- മിണ്ടാട്ടമില്ലാതെ വിദ്യാഭ്യാസ വകുപ്പ്

കൊട്ടാരക്കര: പ്ലസ് ടു ഫലപ്രഖ്യാപനം അടുത്തിട്ടും മുട്ടറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കാണാതായ 61 ഉത്തരക്കടലാസുകളെ കുറിച്ച് മിണ്ടാട്ടമില്ലാതെ വിദ്യാഭ്യാസ വകുപ്പ്. ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണം നടക്കുന്നു എന്ന പതിവു മറുപടിയാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിക്കുന്നത്. വിഷയത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

മുട്ടറ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു കണക്ക് പരീക്ഷയുടെ 61 ഉത്തരക്കടലാസുകളാണ് കാണാതായത്. മേയ് 30ന് നടന്ന പരീക്ഷക്ക് ശേഷം ഉത്തരക്കടലാസുകള്‍ മൂല്യ നിര്‍ണയത്തിനായി പാലക്കാട്ടേക്ക് അയച്ചതിലാണ് അബദ്ധം സംഭവിച്ചത്.

പാലക്കാടിന് പകരം കൊച്ചിയിലേക്കാണ് ഉത്തരക്കടലാസുകള്‍ അയച്ചത്. അബദ്ധം ബോധ്യപ്പെട്ടതോടെ കൊച്ചിയില്‍ ബന്ധപ്പെട്ടു. അവിടെ നിന്ന് അവര്‍ കഴിഞ്ഞമാസം എട്ടിന് അത് പാലക്കാട്ടേക്ക് പോസ്റ്റല്‍ വഴി അയച്ചു. എന്നാലിത് പാലക്കാട് എത്തിയില്ല. പോസ്റ്റല്‍ വകുപ്പുമായി ബന്ധപ്പെട്ട് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

കേരളത്തിലെ അന്വേഷണത്തിനു പുറമേ പോസ്റ്റല്‍ വകുപ്പ് കര്‍ണാടക , തമിഴ്‌നാട് ഭാഗങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഇതിനു പിന്നാലെ രക്ഷിതാക്കള്‍ പരാതിയുമായി വിദ്യാഭ്യാസ വകുപ്പു മന്ത്രി രവീന്ദ്രനാഥിനെ സമീപിക്കുകയായിരുന്നു.

അന്വേഷണം നടക്കുന്നുണ്ടെന്ന് എന്നായിരുന്നു മറുപടി. എന്നാല്‍ ഫലം വരാറായിട്ടും ഉത്തരക്കടലാസുകള്‍ എങ്ങോട്ട് പോയെന്ന് കണ്ടെത്താനായിട്ടില്ല. ഈ മാസം തന്നെ പ്ലസ് ടു ഫലം പ്രഖ്യാപിക്കാനിരിക്കെ ഈ 61 കുട്ടികളുടെ തുടര്‍ പഠനം ഉള്‍പ്പെടെ വഴിമുട്ടുമെന്നാണാശങ്ക. നിലവിലെ വകുപ്പ് തല അന്വേഷണം മാറ്റി ഉന്നത തല അന്വേഷണം വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.