കാണാതായ പെട്രോള്‍ പമ്പ് ഉടമയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

തൃശ്ശൂര്‍: കയ്പമംഗലത്ത് നിന്ന് കാണാതായ പെട്രോള്‍ പമ്പ് ഉടമയുടെ മൃതദേഹം കണ്ടെത്തി. കയ്പമംഗലം സ്വദേശിയായ മനോഹരന്റെ മൃതദേഹമാണ് ഗുരുവായൂരിലെ മമ്മിയൂരില്‍ റോഡരികില്‍ നിന്ന് കണ്ടെത്തിയത്. ഇരുകൈകളും പിന്നിലേക്ക് കെട്ടിയിട്ടനിലയിലായിരുന്നു മൃതദേഹം.

അജ്ഞാത മൃതദേഹമെന്ന രീതിയിലായിരുന്നു ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചത്. പിന്നീട് ഗുരുവായൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കയ്പ മംഗലം സ്വദേശി മനോഹറിന്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 12.50 ന് പെട്രോള്‍ പമ്പില്‍ നിന്ന് ജോലികഴിഞ്ഞ് മനോഹരന്‍ കാറില്‍ യാത്രതിരിച്ചെങ്കിലും വീട്ടിലെത്തിയില്ല. പെട്രോള്‍ പമ്പില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

സമയം ഏറെകഴിഞ്ഞിട്ടും മനോഹര്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ അച്ഛനെ ബന്ധപ്പെടാന്‍ മകള്‍ ശ്രമിച്ചു. ഫോണെടുത്തയാള്‍ അച്ഛന്‍ ഉറങ്ങുകയാണെന്ന് പറഞ്ഞ് കട്ട് ചെയ്യുകയായിരുന്നു. പിന്നീട് ഈ ഫോണ്‍ സ്വിച്ച് ഓഫാകുകയും ചെയ്തു. ഉടന്‍ തന്നെ മകള്‍ പോലീസില്‍ വിവരമറിയിച്ചു.

മനോഹറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പോലീസ് നിഗമനം.

SHARE