കിരീടം അഴിച്ചു വച്ച് ഇന്ത്യന്‍ വംശജയായ മിസ് ഇംഗ്ലണ്ട്; ഡോക്ടറായി ആശുപത്രിയിലേക്ക്

ലണ്ടന്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സുന്ദരിപ്പട്ടം അഴിച്ചുവച്ച് ഇന്ത്യന്‍ വംശജ ആരോഗ്യസേവനത്തിന്. 2019ലെ മിസ് ഇംഗ്ലണ്ട് ഭാഷാ മുഖര്‍ജിയാണ് ഇടവേളയ്ക്ക് ശേഷം വീണ്ടും ഡോക്ടറുടെ കുപ്പായം അണിയുന്നത്.

ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ അംബാസഡറായി നിരവധി രാജ്യങ്ങളില്‍ നിന്ന് ക്ഷണമുണ്ടായിരുന്നെങ്കിലും അതെല്ലാം ഉപേക്ഷിച്ചാണ് ഭാഷ ആശുപത്രിയില്‍ സേവനത്തിന് എത്തുന്നത്.

‘വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ അംബാസഡറായി എനിക്ക് ആഫ്രിക്ക, തുര്‍ക്കി, ഇന്ത്യ, പാകിസ്താന്‍, മറ്റു ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ക്ഷണമുണ്ടായിരുന്നു’ – അവര്‍ പറഞ്ഞു.

മാര്‍ച്ച് മാസം തുടക്കത്തില്‍ ഇന്ത്യയിലായിരുന്ന 24കാരി പിന്നീട് യു.കെയില്‍ തിരിച്ചെത്തുകയായിരുന്നു. ജോലി ചെയ്തിരുന്ന ബോസ്റ്റണിലെ പില്‍ഗ്രിം ആശുപത്രിയില്‍ നിന്ന് സഹപ്രവര്‍ത്തകരാണ് തിരിച്ചുവരാന്‍ ഭാഷയോട് ആവശ്യപ്പെട്ടത്. രണ്ടാഴ്ചയിലെ നിരീക്ഷണ കാലയളവിന് ശേഷം ഭാഷ ജോലിയില്‍ തിരികെ പ്രവേശിക്കും.

‘ലോകം മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കുന്ന വേളയില്‍ എനിക്കും ആവുന്ന സഹായങ്ങള്‍ ചെയ്യണം. ആളുകളെ സഹായിക്കാന്‍ ഇതിലും നല്ല സമയമില്ല’ – അവര്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ നിന്ന് ഒമ്പതാം വയസ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം ഇംഗ്ലണ്ടിലേക്ക് കുടിയേറിയതാണ് ഭാഷ.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കു പ്രകാരം ചൊവ്വാഴ്ച വരെ യു.കെയില്‍ 56,200 പോസിറ്റീവ് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.