യു.പിയില്‍ 15കാരിയെ യുവാക്കള്‍ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്തു

മീററ്റ്: ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറിനു സമീപം വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 15 കാരിയെ യുവാക്കള്‍ സംഘം ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. കുടുംബാംഗങ്ങളോടൊപ്പം അര്‍ധ സഹോദരിയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി ചാചേരിയിലെത്തിയതായിരുന്നു പെണ്‍കുട്ടി. ചടങ്ങിനായുള്ള പന്തല്‍ തയാറാക്കാന്‍ വന്നവര്‍ ഇവിടെ നിന്നും പെണ്‍കുട്ടിയെ പരിചയപ്പെട്ടു വശീകരിച്ച് കൊണ്ടു പോവുകയായിരുന്നു. 10 യുവാക്കള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് വിധേനയാക്കിയത്.

സംഭവത്തില്‍ പന്തല്‍ തയാറാക്കാന്‍ വന്ന നീതിഷ് (18), സഹോദരന്‍ രോഹിത് എന്നിവരെ പൊലീസ് പിടികൂടി. ഇവര്‍ക്കെതിരെ ഐ.പി.സി 363, 376 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. മറ്റുള്ളവരെ കണ്ടെത്താനായുള്ള ശ്രമം നടക്കുന്നതായി പൊലീസ് അറിയിച്ചു.

വിവാഹ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ പരിചയപ്പെട്ട നിതീഷ് രാത്രി എട്ടു മണിയോടെ തൊട്ടടുത്ത ഗ്രാമത്തിലെ ക്ഷേത്രത്തിലേക്ക് പ്രാര്‍ത്ഥിക്കാനെന്ന വ്യാജേന വശീകരിച്ച് കൊണ്ടു പോവുകയായിരുന്നു. ഇരുവരും അടുത്ത ഗ്രാമത്തില്‍ എത്തുമ്പോള്‍ അവിടെ നിതീഷിന്റെ കൂട്ടുകാരായ യുവാക്കളുടെ സംഘം കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഇവര്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ തൊട്ടടുത്ത വയലില്‍ സംഘം ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതോടെ തെരച്ചില്‍ ആരംഭിച്ച ബന്ധുക്കള്‍ പിറ്റെ ദിവസം രാവിലെ അഞ്ചു മണിയോടെയാണ് ഇവരെ കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചതായും പെണ്‍കുട്ടി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്ന് ബുലന്ദ്ഷഹര്‍ എസ്.പി റഈസ് അക്തര്‍ അറിയിച്ചു.